മാൾട്ടയിൽ മിനിമം വേതനത്തേക്കാൾ വേഗത്തിൽ ഭക്ഷ്യവിലക്കയറ്റം വർധിക്കുന്നു; രേഖപ്പെടുത്തിയത്ത് ഇയുവിലെ ഏറ്റവും ഉയർന്ന നിരക്ക്

മാൾട്ടയിൽ മിനിമം വേതനത്തേക്കാൾ വേഗത്തിൽ ഭക്ഷ്യവിലക്കയറ്റം വർധിക്കുന്ന അവസ്ഥയെന്ന് റിപ്പോർട്ട്. മിനിമം വേതനം വാങ്ങുന്ന തൊഴിലാളികൾക്ക് 2021-നെ അപേക്ഷിച്ച് ഇപ്പോൾ മൊത്തം ശമ്പളം ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ 6% കുറവുണ്ടായതായി യൂറോന്യൂസ് ബിസിനസ് തയ്യാറാക്കിയ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഏറ്റവും വലിയ ഇടിവാണ് മാൾട്ടയിൽ രേഖപ്പെടുത്തിയത്.
സ്പെയിനിലും ഫ്രാൻസിലും യഥാക്രമം 5%, 4% വീതമാണ് ഭക്ഷ്യവാങ്ങൽ ശേഷിയിലുണ്ടായ ഇടിവ്. ഭക്ഷ്യവിലക്കയറ്റം വേതനവർധനയെ മറികടന്നതിനെ തുടർന്ന് മിനിമം വേതനക്കാരുടെ ഭക്ഷ്യവാങ്ങൽ ശേഷി കുറഞ്ഞത് ഈ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാത്രമാണെന്നും വിശകലനം വ്യക്തമാക്കുന്നു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ മാൾട്ടയിലെ ഭക്ഷ്യവിലക്കയറ്റം യൂറോപ്യൻ യൂണിയന്റെ ശരാശരിയായ 34 ശതമാനത്തേക്കാൾ ഒരു ശതമാനം കൂടുതലായിരുന്നു. എന്നാൽ ഇതേ കാലയളവിൽ രാജ്യത്തെ മിനിമം വേതനത്തിൽ 27% മാത്രമാണ് വർധനയുണ്ടായത്.
ഭക്ഷണം പോലുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം വേതനവർധനയെ മറികടക്കുമ്പോൾ കുറഞ്ഞ വരുമാനക്കാരാണ് കൂടുതൽ സാമ്പത്തിക സമ്മർദം നേരിടുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
മിനിമം വേതനവും മിനിമം വരുമാനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കാരിറ്റാസ്
നിയമപരമായി നിശ്ചയിച്ചിട്ടുള്ള മിനിമം വേതനവും അടിസ്ഥാന ജീവിതച്ചെലവുകൾ നിറവേറ്റാൻ ആവശ്യമായ യഥാർഥ വരുമാനവും തമ്മിലുള്ള വലിയ അന്തരം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കത്തോലിക്കാ സഭയുടെ സാമൂഹിക സേവന സംഘടനയായ കാരിറ്റാസ് അടുത്തിടെ വീണ്ടും ആവശ്യപ്പെട്ടിരുന്നു.
ദാരിദ്ര്യം, സാമൂഹിക ഉൾച്ചേർക്കൽ, സാമ്പത്തിക നീതി എന്നിവ പരിശോധിക്കുമ്പോൾ മിനിമം വേതനവും മിനിമം വരുമാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ടെന്ന് കാരിറ്റാസ് സർവീസസ് കോ-ഓർഡിനേറ്റർ ജോസഫ് പേസ് MaltaToday-യോട് പറഞ്ഞു.
“ഒരു തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും നൽകേണ്ട നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് മിനിമം വേതനം. തൊഴിലാളികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുകയും തൊഴിൽ കുറഞ്ഞപക്ഷം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം,” പേസ് പറഞ്ഞു.
അതേസമയം, വ്യക്തികൾക്കും കുടുംബങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വിഭവങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുറഞ്ഞത് ഒരു നിശ്ചിത വരുമാനമെങ്കിലും ഉറപ്പാക്കുന്നതിനുള്ള സാമൂഹിക സംരക്ഷണ സംവിധാനമാണ് മിനിമം വരുമാനം.
തൊഴിലില്ലാത്തവർ, അപര്യാപ്തമായ തൊഴിൽ ലഭിക്കുന്നവർ, രോഗമോ വൈകല്യമോ കാരണം ജോലി ചെയ്യാൻ കഴിയാത്തവർ, ആശ്രിതരെ പരിചരിക്കുന്നവർ, മറ്റ് തരത്തിലുള്ള ദുർബല സാഹചര്യങ്ങൾ നേരിടുന്നവർ എന്നിവർക്കുള്ള സുരക്ഷാവലയമായാണ് ഇത്തരം പദ്ധതികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിലിനുള്ള പ്രോത്സാഹനം കുറയ്ക്കാതെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് മിനിമം വേതനവും മിനിമം വരുമാനവും തമ്മിലുള്ള ബന്ധം പരിഗണിക്കണമെന്ന് കാരിറ്റാസ് യൂറോപ്പയുടെ നിലപാട് ഉദ്ധരിച്ച് പേസ് ചൂണ്ടിക്കാട്ടി.
നാലംഗ കുടുംബത്തിന് വർഷം €19,153 വേണം
മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ ആവശ്യമായ വരുമാനം കണക്കാക്കുന്നതിനുള്ള മാർഗമായി കാരിറ്റാസ് മാൾട്ടയുടെ മിനിമം എസൻഷ്യൽ ബജറ്റ് ഫോർ എ ഡിസന്റ് ലിവിങ് (MEBDL) പഠനത്തെയും പേസ് പരാമർശിച്ചു.
“ആളുകൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടോ എന്നത് മാത്രമല്ല ചോദ്യം. ജോലിയിലൂടെയോ സാമൂഹിക സഹായത്തിലൂടെയോ ലഭിക്കുന്ന വരുമാനം മാന്യമായി ജീവിക്കാനും സമൂഹത്തിൽ അർഥവത്തായി പങ്കാളികളാകാനും മതിയാകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്,” അദ്ദേഹം പറഞ്ഞു.
2024-ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ MEBDL പഠനമനുസരിച്ച്, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി മാന്യമായ ജീവിതനിലവാരം നിലനിർത്താൻ വിവിധ കുടുംബങ്ങൾക്ക് ആവശ്യമായ വാർഷിക വരുമാനം ഇപ്രകാരമാണ്:
. രണ്ട് മുതിർന്നവരും രണ്ട് കുട്ടികളുമുള്ള കുടുംബം : €19,153
. രണ്ട് ആശ്രിത കുട്ടികളുള്ള ഏക രക്ഷിതാവ് : €17,012
. വൃദ്ധരായ ദമ്പതികൾ : €14,731
അതേസമയം, മാൾട്ടയിലെ നിലവിലെ മിനിമം വേതനത്തിൽനിന്ന് തൊഴിലാളികൾക്ക് വർഷം ഏകദേശം €12,400 ആണ് നികുതികളും മറ്റ് ബാധകമായ കിഴിവുകളും കഴിഞ്ഞ് ലഭിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതോടെ നാലംഗ കുടുംബത്തിന് മാന്യമായി ജീവിക്കാൻ ആവശ്യമായ വാർഷിക വരുമാനവും മിനിമം വേതനക്കാരന് ലഭിക്കുന്ന തുകയും തമ്മിൽ ഏകദേശം €6,753-ന്റെ വ്യത്യാസമുണ്ട്.
ഉയർന്ന തൊഴിൽനിരക്ക് മാത്രം ദാരിദ്ര്യം ഇല്ലാതാക്കില്ല
മിനിമം വേതനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത 2016-ൽ തന്നെ കാരിറ്റാസ് അന്നത്തെ ഡയറക്ടർ ലിയോണിഡ് മക്കേ ചൂണ്ടിക്കാട്ടിയിരുന്നു.
മാൾട്ടയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് സംസാരിക്കവെ, സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് കാരിറ്റാസിന്റെ കണ്ടെത്തലുകൾ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് പേസ് പറഞ്ഞു.
“തൊഴിൽനിരക്ക് ഉയർന്നതായിരിക്കാം. എന്നാൽ ജോലി ലഭിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാൾ ദാരിദ്ര്യത്തിൽനിന്ന് മുക്തനാകുമെന്ന് ഉറപ്പില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.



