അന്തർദേശീയം

വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുന്നു; ഹൂതികളുടെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റം : സൗദി

റിയാദ് : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും സൗദി ആരോപിച്ചു. അതേസമയം രാജ്യത്തെ വിമാനത്താവളങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൗദിയിലെ യുഎസ് എമ്പസി മുന്നറിയിപ്പ് നല്‍കുകയും ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യമന്‍ ഭരണസിരാകേന്ദ്രമായ പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ യമന്‍ തിരിച്ചടിച്ചു. തായിസ് നഗരത്തിലെ തെക്കന്‍ മേലയിലെ മിസ്രാഖ് ജില്ലയില്‍ രണ്ട് വ്യോമാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദി അല്‍-ബാരിഹ്, ജാബാ എന്നിവടങ്ങളിലെ ഹൂതി കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് തായിസ് മിലിട്ടറി കമാന്‍ഡ് അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം സിംഗപ്പൂര്‍, ആന്റിഗ്വ കപ്പലുകള്‍ മുങ്ങിയതിന് പിന്നാലെ, ഹോര്‍മൂസിലെ അനുമതിയില്ലാത്ത പ്രദേശത്തേക്ക് കടന്ന മറ്റൊരു ടാങ്കറിന് തീപിടിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടലിടുക്കിന്റെ കിഴക്കന്‍ മേഖലയില്‍ പട്രോളിങ് നടത്തിയ ഇറാന്‍ നേവി സംഘമാണ് തീപിടിച്ച നിലയില്‍ കപ്പല്‍ കണ്ടെത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. ഗള്‍ഫ് ഒഫ് ഒമാനില്‍ കണ്ടെത്തിയ കപ്പലിന്റെ പേര്, രാജ്യം, ക്രൂ അംഗങ്ങള്‍, തീപിടിത്തത്തിന്റെ കാരണം എന്നിവ വ്യക്തമല്ല. കഴിഞ്ഞദിവസം മറ്റൊരു ടാങ്കറിനും കടലിടുക്കില്‍ വച്ച് തീപിടിച്ചതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ ടാങ്കറുകള്‍ക്ക് അന്താരാഷ്ട്ര സമുദ്ര സുരക്ഷാ സംഘടനയായ യുകെഎംടിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടാങ്കറുകളെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങളാണ് ഇറാന്‍ കടുപ്പിച്ചിരിക്കുന്നത്. സംഘര്‍ങ്ങള്‍ക്ക് അയവില്ലാതെ തുടരുന്നരുന്ന സാഹചര്യത്തിലും ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. മാത്രമല്ല യുഎസ് സേനയെ ഇറാനില്‍ വിന്യസിക്കില്ലെന്നും അദ്ദേഹം ന്യൂസ്മാക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം റഷ്യയുമായും ചൈനയുമായും ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button