മാൾട്ടാ വാർത്തകൾ

ടാർക്സിയനിൽ റോഡ് ഇടിഞ്ഞുതാണു; പള്ളിക്ക് സമീപം വൻ കുഴി രൂപപ്പെട്ടു

ടാർക്സിയനിലെ ചത്വരത്തിന് സമീപം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണു. തിങ്കളാഴ്ച രാവിലെ പാരിഷ് പള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലായി.

സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങളിലും ദൃശ്യങ്ങളിലും റോഡിനടിയിൽ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് ഒരു എക്‌സ്‌കവേറ്റർ ഭാഗികമായി താഴ്ന്നുപോയതായി കാണാം.

2025 ഓഗസ്റ്റിലാണ് പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷം ഗ്രാമത്തിലെ തിരുനാളിനോടനുബന്ധിച്ച് മൂന്ന് മാസത്തേക്ക് പ്രവൃത്തികൾ നിർത്തിവെച്ചിരുന്നു. ഇതുമൂലം നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധിക്കപ്പുറമായിരിക്കും നിർമാണം പൂർത്തിയാകുകയെന്ന് ഇൻഫ്രാസ്ട്രക്ചർ മാൾട്ട അറിയിച്ചു. 2026 അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനായിരുന്നു ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്.

പള്ളിക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ടാർക്സിയൻ പാരിഷ് വികാരി ക്രിസ്റ്റഫർ എല്ലുൽ പറഞ്ഞു.

സംഭവത്തിന്റെ കാരണവും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പരിശോധിച്ചുവരികയാണെന്ന് തൊഴിൽ ആരോഗ്യ-സുരക്ഷാ അതോറിറ്റിയും (OHSA) ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റിയും (BCA) തിങ്കളാഴ്ച പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. വിദഗ്ധരുടെ നിർദേശങ്ങളും പരിശോധനകളുടെ ഫലങ്ങളും അനുസരിച്ച് സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ആവശ്യാനുസരണം പുതുക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുമായി അധികൃതർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സാങ്കേതിക വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും ബിസിഎയും ഒഎച്ച്എസ്എയും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button