ബിർസെബ്ബുജയിൽ ലഹരിവസ്തുക്കളുമായി 16 വയസ്സുകാരൻ പിടിയിൽ

ബിർസെബ്ബുജയിൽ16 വയസ്സുകാരൻ കഞ്ചാവും കൊക്കെയ്നുമായി പിടിയിൽ. തെക്കൻ നഗരമായ ക്വാജ്ജെൻസ (Qajjenza) ഏരിയയിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കാർ പാർക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി പരിശോധനക്കായി സമീപിച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിയുടെ കാറിൽ നടത്തിയ തിരച്ചിലിൽ കഞ്ചാവെന്ന് സംശയിക്കുന്ന 12 പാക്കറ്റുകൾ, കൊക്കെയ്ൻ എന്ന് സംശയിക്കുന്ന 5 പാക്കറ്റുകൾ, 700 യൂറോ പണം, കഞ്ചാവ് പൊടിക്കുന്ന ഗ്രൈൻഡർ എന്നിവ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കൊക്കെയ്ൻ, ചെറു പാക്കറ്റുകൾ, ലഹരിവസ്തുക്കളുടെ അംശമുള്ള ഡിജിറ്റൽ വെയിംഗ് സ്കെയിൽ എന്നിവയും പോലീസ് കണ്ടെടുത്തു.
ഫ്ലോറിയാന ലോക്കപ്പിൽ പാർപ്പിച്ച പ്രതിയെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പോലീസ് ചോദ്യം ചെയ്തു. അന്വേഷണത്തോട് സഹകരിച്ച ഇയാളെ ശനിയാഴ്ച രാവിലെ മജിസ്ട്രേറ്റ് ആന്മേരി തെക്കിന് (Ann Marie Thake) മുന്നിൽ ഹാജരാക്കി.
കഞ്ചാവും കൊക്കെയ്നും കൈവശം വച്ചതുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു. പ്രതിക്ക് മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്ന്, 1,000 യൂറോ ജാമ്യത്തുകയിൽ കോടതി ജാമ്യം അനുവദിച്ചു. ലഹരിമുക്തിക്കായി പ്രതി പുനരധിവാസ ചികിത്സയ്ക്ക് വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.
ഇൻസ്പെക്ടർ ജോനാഥൻ ലീ പേസിന്റെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ നടന്നത്. അഭിഭാഷകനായ മാത്യു സ്യൂറെബ് പ്രതിക്ക് വേണ്ടി ഹാജരായി.



