അന്തർദേശീയം

യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി :∙യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജ മലൈക ചിത്ര (24), സുഹൃത്ത് നേപ്പാൾ വംശജനായ നവം കൗളുമാണ് (24) അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ ഇരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

രണ്ടു പേർ ട്രാക്കിൽ ഇരിക്കുന്നത് കണ്ടെന്നും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചിട്ടും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിനു ശേഷം ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ഏകദേശം 100 യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

ന്യൂജഴ്സിയിൽ താമസിക്കുന്ന രണ്ടുപേരും എന്തിനാണ് ഇവിടെ എത്തിയതെന്ന അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ മദ്യപിച്ചിരുന്നോ എന്നും അന്വേഷിക്കും. അതേസമയം ആത്മഹത്യാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. 2024ലാണ് ഇരുവരും ഇവിടെ പഠിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button