അന്തർദേശീയം

ടുണീഷ്യയിൽ ലാൻഡിങ്ങിനിടെ ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞ് ടർക്കിഷ് എയർലൈൻസ് വിമാനം

ടൂണിസ് : മെഡിറ്ററേനിയൻ വേനൽക്കാലം ആസ്വദിക്കാൻ ടുണീഷ്യയിലേക്കു തിരിച്ച വിമാനയാത്രക്കാർക്ക് ആകാശത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീതിയുടെ നിമിഷങ്ങൾ. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം പെട്ടെന്നു താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടർക്കിഷ് എയർലൈൻസിന്റെ TK 661 വിമാനമാണ് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലെ കാർത്തേജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അതിശക്തമായ ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞത്.

വിമാനത്തിലുണ്ടായിരുന്ന മരീന മൈസ്കായ എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിമാനത്തിനുള്ളിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. വിമാനം ശക്തമായി ഉലയുമ്പോൾ യാത്രക്കാർ സീറ്റുകളിൽ മുറുകെ പിടിച്ചിരിക്കുന്നതും, കൂട്ടനിലവിളികൾക്കിടയിൽ ‘നമ്മൾ മരിക്കാൻ പോവുകയാണ്, നമ്മൾ മരിക്കാൻ പോവുകയാണ്’ എന്ന് ഒരു യാത്രക്കാരൻ ആവർത്തിച്ചു വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം. പൈലറ്റ് മൂന്ന് തവണയാണ് വിമാനം റൺവേയിൽ ഇറക്കാൻ ശ്രമിച്ചത്. ഓരോ തവണയും വിമാനം അതിശക്തമായി കുലുങ്ങി. മൂന്നാമത്തെ ശ്രമത്തിനിടെ വിമാനം പെട്ടെന്നു നിയന്ത്രണം വിട്ട് താഴേക്കു പതിക്കാൻ തുടങ്ങി.

നാലാമതും പൈലറ്റ് വിമാനം ഇറക്കാൻ ശ്രമിക്കുമെന്ന ഭീതിയിൽ, ‘വേണ്ട, ഞങ്ങളെ വേറെ ഏതെങ്കിലും രാജ്യത്തോ മറ്റൊരു വിമാനത്താവളത്തിലോ എത്തിക്കൂ’ എന്ന് യാത്രക്കാർ ഭയന്നുവിറച്ച് ഒന്നിച്ചു നിലവിളിക്കുകയായിരുന്നു. ഒടുവിൽ വിമാനം ടുണിസ് കാർത്തേജ് വിമാനത്താവളത്തിൽനിന്നും 60 മൈൽ തെക്കുള്ള എൻഫിദ-ഹമാമെറ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. അവിടെ വിമാനം സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതോടെയാണ് യാത്രക്കാരുടെ ഭീതി മാറിയത്. ഞങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിയെന്നും ടർക്കിഷ് എയർലൈൻസ് പൈലറ്റുമാരുടെ മിടുക്കുകൊണ്ടായിരിക്കാം ഇതെന്നും മരീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button