അന്തർദേശീയം

ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മൊഖാ പൂർണമായി പിടിച്ചെടുത്ത് ഹൂതികൾ

സന : പശ്ചിമേഷ്യൻ യുദ്ധം ആഗോള പ്രതിസന്ധിയായി പടരുന്നതിനിടയിൽ, ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മൊഖാ പൂർണമായി പിടിച്ചെടുത്ത് ഹൂതികൾ. ചെങ്കടൽ തീരത്തുകൂടി മുന്നേറിയ ഹൂതികൾ ആഗോള കപ്പൽ ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായ ഹാനിഷ് ദ്വീപുകളിലും എത്തിക്കഴിഞ്ഞു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇറാൻ യുദ്ധം അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത സൈനിക നീക്കം നടന്നത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ചെങ്കടലിന്റെ തെക്കൻ കവാടമായ ബാബ് അൽ-മന്ദേബ് കടലിടുക്കിനു മേൽ ഹൂതികൾ ഇതോടെ ശക്തമായ സ്വാധീനം ഉറപ്പിച്ചു. സൗദി അറേബ്യൻ കപ്പലുകൾക്കൊഴികെ മറ്റെല്ലാ രാജ്യാന്തര കപ്പലുകൾക്കും ചെങ്കടൽ പാത സുരക്ഷിതമായിരിക്കുമെന്ന് ഹൂതികളുടെ ഹ്യൂമനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ അറിയിച്ചിട്ടുണ്ട്.

അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ തങ്ങളുടെ വ്യാപാരത്തിനായി പൂർണമായി ആശ്രയിച്ചിരുന്നത് ചെങ്കടൽ റൂട്ടിനെയായിരുന്നു. ഹോർമുസിനു പിന്നാലെ രണ്ടാമത്തെ പ്രധാന സാമ്പത്തിക ഇടനാഴിയായ ബാബ് അൽ-മന്ദേബിലും ഇറാൻ സഖ്യം പിടിമുറുക്കുന്നത് അമേരിക്കയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രതിസന്ധി കൂടുതൽ വഷളാകാതിരിക്കാൻ യെമനിലെ ഹൂതി സഖ്യത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ വഴി സൗദി ഇറാന് കർശന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഹൂതികൾ തങ്ങളുടെ പൂർണ നിയന്ത്രണത്തിലല്ല എന്ന മറുപടിയാണ് ഇറാൻ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button