ഡാഫ്നെ കാർവാന ഗലീസിയ വധക്കേസ്: മാൾട്ടയ്ക്കെതിരായ പരിശോധന ശക്തമാക്കി യൂറോപ്യൻ പാർലമെന്റ്

കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഡാഫ്നി കാര്വാന ഗലീസിയയുടെ കേസിൽ ഉയർന്ന പുതിയ സംഭവവികാസങ്ങളെ തുടർന്ന്, മാൾട്ടയിലെ നിയമവാഴ്ചയും ജനകീയ അവകാശങ്ങളും നിരീക്ഷിക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്രത്യേക സമിതി (DRFMG) രാജ്യത്തെ അന്വേഷണ നിരീക്ഷണം ശക്തമാക്കാനും ഒരു വസ്തുതാന്വേഷണ ദൗത്യസംഘത്തെ (fact-finding mission) അയക്കാനും തീരുമാനിച്ചു.
കേസിലെ പ്രധാന പ്രതിയായ യോർഗൻ ഫെനെക്കിനെ (Yorgen Fenech) കോടതി വെറുതെവിട്ട പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.
ഡാഫ്നി കാര്വാന ഗലീസിയയ്ക്ക് പൂർണ്ണ നീതി ഉറപ്പാക്കുന്നതിൽ മാൾട്ടൻ സർക്കാരും ഭരണകൂടവും വർഷങ്ങളായി നടത്തുന്ന പരാജയത്തിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ഈ ദൗത്യമെന്ന് യൂറോപ്യൻ പാർലമെന്റിലെ നാഷണലിസ്റ്റ് പാർട്ടി പ്രതിനിധി സംഘത്തലവനായ ഡേവിഡ് കാസ (David Casa) പറഞ്ഞു. “ഇത് കോടതികൾക്കോ ജുഡീഷ്യറിക്കോ എതിരെയുള്ള ആക്രമണമല്ല. ജുഡീഷ്യറിയുടെ സ്വതന്ത്ര നിലപാടിനെ എപ്പോഴും ബഹുമാനിക്കണം. എന്നാൽ കോടതി വിധി മാനിക്കുന്നു എന്നത്, നിലവിലെ സാഹചര്യത്തിലേക്ക് നമ്മെ എത്തിച്ച വിപുലമായ വീഴ്ചകളെ അവഗണിക്കുക എന്നല്ല അർത്ഥമാക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ, പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ, നിർണായക തെളിവുകൾ കൈകാര്യം ചെയ്ത രീതി, അതിലുമുപരി അധികാരസ്ഥാനങ്ങളിലുള്ള മറ്റ് വ്യക്തികളെക്കുറിച്ച് പൂർണ്ണമായി അന്വേഷിക്കുന്നതിൽ വരുത്തിയ പരാജയം എന്നിവയെക്കുറിച്ച് കാസ ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു.
ഡാഫ്നി കാര്വാന ഗലീസിയയുടെയും സ്ലോവാക് മാധ്യമപ്രവർത്തകനായ യാൻ കുസിയാക്കിന്റെയും കൊലപാതകങ്ങളെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ അഴിമതി, പത്രസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ നേരിടുന്ന ഭീഷണികൾ നിരീക്ഷിക്കാൻ ഈ പ്രത്യേക സമിതി രൂപീകരിച്ചത്.
“കൊലപാതകം നടപ്പിലാക്കിയ വാടകക്കൊലയാളികൾ നിലവിൽ ജയിലിലാണ്. ബോംബ് വിതരണം ചെയ്തവരയും കണ്ടെത്തി ശിക്ഷിച്ചു. ഇടനിലക്കാരൻ തന്റെ പങ്ക് സമ്മതിച്ചു. എന്നിട്ടും, ഒമ്പത് വർഷത്തോളമായിട്ടും ഡാഫ്നിയെ കൊല്ലാൻ ഉത്തരവിട്ട പ്രധാന സൂത്രധാരൻ ആരാണെന്ന് കണ്ടെത്തി ശിക്ഷിക്കാൻ കഴിഞ്ഞിട്ടില്ല,” കാസ പറഞ്ഞു.
ഡാഫ്നിയുടെ വധത്തെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര പബ്ലിക് എൻക്വയറി കമ്മീഷന്റെ കണ്ടെത്തലുകൾ പൂർണ്ണമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെ നാഷണലിസ്റ്റ് എംഇപി രൂക്ഷമായി വിമർശിച്ചു. മാൾട്ടൻ ഭരണകൂടം സൃഷ്ടിച്ച ‘ശിക്ഷാഭയമില്ലാത്ത അന്തരീക്ഷം’ (climate of impunity) ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തൽ.
മാൾട്ടയിലെ ഭരണഘടനാ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും, പൗരന്മാരെ സംരക്ഷിക്കുന്നുണ്ടെന്നും, നീതി നിഷേധത്തിലേക്ക് നയിക്കുന്ന പരാജയങ്ങൾ തടയുന്നുണ്ടെന്നും ഉറപ്പാക്കാൻ താൻ തുടർന്നും സമ്മർദ്ദം ചെലുത്തുമെന്ന് കാസ വ്യക്തമാക്കി.
“കൃത്യമായി പ്രവർത്തിക്കുന്ന ഭരണകൂട സംവിധാനങ്ങൾക്കും, സമ്പൂർണ്ണമായ പോലീസ് അന്വേഷണങ്ങൾക്കും, ശക്തമായ പ്രോസിക്യൂഷൻ നടപടികൾക്കും ഓരോ പൗരനും അവകാശമുണ്ട്. ഈ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“യൂറോപ്യൻ പാർലമെന്റ് ഇനി വിഷയത്തിൽ കൂടുതൽ ശക്തമായി ഇടപെടുകയും മറുപടികൾ തേടി മാൾട്ടയിലേക്ക് വരികയും ചെയ്യും. ഈ കേസ് ഇവിടെ അവസാനിക്കാൻ പോകുന്നുമില്ല,” കാസ വ്യക്തമാക്കി.



