അന്തർദേശീയം

ജനനേന്ദ്രിയ മോഷണ വ്യാജ വാര്‍ത്ത; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 8 മാസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് 80 പേരെ

മപൂട്ടോ : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ‘ജനനേന്ദ്രിയ മോഷണം’ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതായി ബിബിസി റിപ്പോർട്ട്. 2025 ഒക്റ്റോബര്‍ മുതല്‍ 2026 ജൂലൈ വരെ 80 ഓളം പേരാണ് ഇത്തരത്തിൽ മരണപ്പെട്ടതെന്നാണ് വിവരം. ആഫ്രിക്കന്‍ സമൂഹങ്ങളില്‍ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും മന്ത്രവാദത്തെ ചുറ്റിപ്പറ്റിയുള്ള ഭയങ്ങളുമാണുമാണ് സംഭവത്തിന്‍റെ അടിസ്ഥാനമെന്നാണ് വിവരം.

മറ്റൊരാളുമായി സമ്പർക്കത്തിലേർ‌പ്പെട്ടവരുടെ ജനനേന്ദ്രിയം ചെറുതാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നുവെന്നാണ് പ്രചാരണം. കൂട്ടം ചേർ‌ന്ന് ഇക്കാര്യം ചർച്ച ചെയ്യുക‍യും ജനനേന്ദ്രിയം ആരോ മോഷ്ടിച്ചതാണെന്ന നിഗമനത്തിലെത്തുകയും അത്തരത്തിൽ സംശയം തോന്നുന്ന ഒരാളെ തല്ലിക്കൊല്ലുകയുമാണ് ചെയ്തു വരുന്നത്.

ഒരു ഹസ്തദാനം അല്ലെങ്കിൽ തോളിൽ ഒരു സ്പർശനം വഴി പുരുഷന്‍റെ ജനനേന്ദ്രിയം ചുരുങ്ങുകയോ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്യുന്ന തരത്തിലുള്ള അമാനുഷിക അല്ലെങ്കിൽ മാന്ത്രിക ശക്തികൾ വ്യക്തികൾക്ക് ഉണ്ടെന്ന് ആൾക്കൂട്ടം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ളവരെന്ന് ആരോപിച്ചാണ് കൊലപാതകങ്ങൾ

കോംഗോ, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മൊസാംബിക്, അംഗോള, മലാവി, കെനിയ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2008 ലും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് കോംഗോയിൽ നിന്നാണ് ഈ പ്രചാരണങ്ങള്‍ ഉത്ഭവിച്ചതെന്നാണ് വിവരം.

മൊസാംബിക്കിലാണ് സ്ഥിതി രൂക്ഷം. ഇവിടെ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ 55 പേരെയാണ് തല്ലിക്കൊന്നത്. ഇതിൽ പൊലീസുകാരും ജനപ്രതിനിധികളുമടക്കം ഉൾപ്പെടുന്നതായാണ് വിവരം. ആരുടെയെങ്കിലും ശരീരഭാഗം നഷ്ടപ്പെട്ടതായി മെഡിക്കൽ തെളിവുകൾ കണ്ടെത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button