അന്തർദേശീയം

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ഡിജിറ്റല്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു : യുനിസെഫ്

ന്യൂയോര്‍ക്ക് : 21 രാജ്യങ്ങളിലായി പ്രതിവര്‍ഷം രണ്ട് കോടിയോളം കുട്ടികള്‍ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ ഇരയാകുന്നതായി യുനിസെഫ്. പകുതിയിലധികം കുട്ടികളും സോഷ്യല്‍ മീഡിയയയിലൂടെയാണ് ചൂഷണം ചെയ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ പുറത്തുപറയാന്‍ കുട്ടികള്‍ ഭയക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഉയര്‍ന്നതാകാമെന്നും യുനിസെഫ് പറയുന്നു.

12 മുതല്‍ 17 വയസുവരെയുള്ള കുട്ടികളാണ് ചൂഷണത്തിന് ഇരയാകുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ഡിജിറ്റല്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 60 ശതമാനവും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, സ്നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് നടന്നത്.

14 ശതമാനം കേസുകള്‍ ഗെമിങ് വഴിയും. ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണതയും സ്വയം പരിക്കേല്‍പ്പിക്കാനുള്ള ചിന്തയും നാല് മടങ്ങ് കൂടുതലാണ്. 40 ശതമാനം കുട്ടികളും തങ്ങള്‍ക്കുണ്ടായ അനുഭവത്തെ കുറിച്ച് ആരോടും സംസാരിക്കാന്‍ തയ്യാറല്ല. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പൊലീസുമായി ബന്ധപ്പെടുന്നത്.

മാത്രമല്ല, ചൂഷണത്തിന് ഇരയായ കുട്ടികളില്‍ 57 ശതമാനം പേരെയും ഉപദ്രവിച്ചിരിക്കുന്നത് അവരുടെ കൂട്ടുകാരോ ബന്ധുക്കളോ പരിചയക്കാരോ ആണ്. 15 ലക്ഷം കുട്ടികള്‍ അനാവശ്യമായ ലൈംഗിക ഉള്ളടക്കങ്ങള്‍ കാണാനിടയായിട്ടുണ്ട്. ഒമ്പത് ദശലക്ഷം കുട്ടികള്‍ ലൈംഗിക സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും നാല് ദശലക്ഷം കുട്ടികള്‍ നഗ്‌നചിത്രങ്ങള്‍ പങ്കുവെക്കാനും നിര്‍ബന്ധിക്കപ്പെട്ടു.

38 ശതമാനം കുട്ടികളും സോഷ്യല്‍ മീഡിയയിലൂടെയാണ് കുറ്റവാളികളെ ആദ്യമായി കാണുന്നത്. ഭയവും ആശയക്കുഴപ്പവും ഒറ്റപ്പെടലും സൈബറിടങ്ങളിലെ കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു എന്നാണ് നിഗമനം. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ടെക് കമ്പനികളും സര്‍ക്കാരും ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം തടയണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.

കംബോഡിയ, എത്യോപ്യ, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൊസാംബിക്, നമീബിയ, ഫിലിപ്പീന്‍സ്, ടാന്‍സാനിയ, തായ്ലന്‍ഡ്, ഉഗാണ്ട, വിയറ്റ്‌നാം അര്‍മേനിയ, ബ്രസീല്‍, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, മെക്‌സിക്കോ, മോണ്ടിനെഗ്രോ, നോര്‍ത്ത് മാസിഡോണിയ, പാകിസ്ഥാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടന്നത്. രണ്ട് ഘട്ടങ്ങളായാണ് യുനിസെഫ് വിവരങ്ങള്‍ ശേഖരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button