ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അനുവദിച്ചിരുന്ന വിസ രഹിത താമസ കാലാവധി 30 ദിവസമാക്കി വെട്ടിച്ചുരുക്കി തായ്‍ലന്‍റ്

ബാങ്കോക്ക് : ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അനുവദിച്ചിരുന്ന വിസ രഹിത താമസ കാലാവധി വെട്ടിച്ചുരുക്കി തായ്‍ലന്‍റ് സർക്കാർ. ഇതുവരെ 60 ദിവസമായിരുന്ന സൗജന്യ താമസ കാലാവധിയാണ് 30 ദിവസമാക്കി കുറച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം തായ്‍ലന്‍റ് രാജകീയ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ നിയമം സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്തിന്റെ ദേശീയ സുരക്ഷ, സാമ്പത്തിക താത്പര്യങ്ങൾ, വിസാനയങ്ങളിലെ ഏകീകരണം എന്നിവ മുൻനിർത്തിയാണ് തായ്‍ലന്‍റ് സർക്കാരിന്റെ ഈ നടപടി. ദീർഘകാലത്തെ വിസ രഹിത പ്രവേശനം ചില വിദേശ പൗരന്മാർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നീക്കം. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂട്ടി വിസ എടുക്കാതെ തായ്‍ലന്‍റിൽ പ്രവേശിക്കാം. എന്നാൽ പരമാവധി 30 ദിവസം മാത്രമേ ഇനി രാജ്യത്ത് തങ്ങാൻ അനുവാദമുണ്ടാവുകയുള്ളൂ.
സെപ്റ്റംബർ 15-ന് മുൻപ് തായ്‍ലന്‍റിൽ പ്രവേശിക്കുന്ന സഞ്ചാരികൾക്ക് നിലവിലുള്ള 60 ദിവസത്തെ ആനുകൂല്യം ലഭിക്കും. നിലവിൽ തായ്‍ലന്‍റിലുള്ളവരുടെ കാലാവധിയും വെട്ടിച്ചുരുക്കില്ല. 30 ദിവസത്തിൽ കൂടുതൽ തായ്‍ലന്‍റിൽ തങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി അനുയോജ്യമായ ഇ-വിസ നേടേണ്ടതാണ്. 2024ലാണ് തായ്‍ലന്‍റ് 60 ദിവസത്തെ വിസ ഇളവ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ 93 രാജ്യങ്ങൾക്ക് ഈ പദ്ധതി പ്രകാരം തായ്‍ലന്‍റിൽ 60 ദിവസത്തൊലം വിസയില്ലാതെ താമസിക്കാൻ കഴിയുമായിരുന്നു.
ടൂറിസം, ബിസിനസ്സ്, അടിയന്തര ജോലികൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ഇലവ് രാജ്യത്ത് വരുന്ന വിദേശികൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. സഞ്ചാരികൾക്കായി വാതിലുകൾ തുറന്നിടുമ്പോഴും രാജ്യത്തിന്റെ സുരക്ഷക്കും നിയമവ്യവസ്ഥക്കും മുൻഗണന നൽകുന്നതാണ് പുതിയ പരിഷ്കരണമെന്ന് അധികൃതർ വ്യക്തമാക്കി.



