സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഇറാൻ ജനതയോട് ആഹ്വാനംചെയ്ത് ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണായും തകർന്നിരിക്കുന്നതായും അവിടുത്തെ ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ ശക്തമാവുകയും സംഘർഷം വഷളാകുകയും ചെയ്യുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാണ്ട് പൂർണമായും ഇപ്പോൾ യുഎസിനാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനെ വീണ്ടും സമാധാന ചർച്ചകൾക്കായി കൊണ്ടുവരാൻ താൻ ശ്രമിക്കുകയാണെന്ന എബിസി ന്യൂസിന്റെ റിപ്പോർട്ട് തള്ളിയ ട്രംപ്, അവരെ ഒരു കരാറിലേക്ക് നയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച, ഇറാനെതിരെ യുഎസ് പുതിയ വ്യോമാക്രമണ പരമ്പര നടത്തി മണിക്കൂറുകൾക്കകം ട്രൂത്ത് സോഷ്യലിൽ (Truth Social) പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.
‘എബിസി വ്യാജ വാർത്ത നൽകിയതുപോലെ, ഇറാനെ ചർച്ചയിലേക്ക് മടക്കി കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർക്ക് യാതൊരു വിലയുമില്ലാത്ത ഒരു കരാറിൽ അവർ ഒപ്പിട്ടാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല.’ പ്രസിഡന്റ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാണ്ട് പൂർണമായും യുഎസിനാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമമായി തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനകരാറിനപ്പുറം ഈ സാഹചര്യത്തെയാണ് താൻ കൂടുതൽ അനുകൂലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അനിവാര്യമായ സാഹചര്യത്തിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നത്.’ യുഎസ് പ്രസിഡന്റ് പറഞ്ഞു.
സാഹചര്യങ്ങൾ ഇത്രയും മോശമായിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇറാനിലെ ജനങ്ങൾ ഉണർന്നെണീക്കണമെന്നും ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിക്കണമെന്നും ട്രംപ് ആഹ്വാനംചെയ്തു. ‘എപ്പോഴാണ് ഇറാനിലെ ജനങ്ങൾ ഉയിർത്തെഴുന്നേൽക്കാൻ പോകുന്നത്, പ്രക്ഷോഭം നടത്തി പോരാടാൻ പോകുന്നത്?’ ട്രംപ് ചോദിച്ചു.
ഫെബ്രുവരിയിൽ ഇറാനെതിരായ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഹോർമുസിന്മേൽ യുഎസ് നിയന്ത്രണം സ്ഥാപിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾ തള്ളിയ ഇറാൻ, തന്ത്രപ്രധാനമായ ഈ ജലപാത ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പിച്ചുപറഞ്ഞു. യുഎസിന്റെ ഏറ്റവും പുതിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്കും ആസ്തികൾക്കും നേരെ ഇറാനും ആക്രമണം നടത്തിയിരുന്നു.
ഇതിന്റെ ഫലമായി ചൊവ്വാഴ്ച ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് നാല് ഡോളറിലധികം വർധിച്ച് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
പുതിയ സംഭവവികാസങ്ങൾ ഹോർമുസിനെച്ചൊല്ലിയുള്ള തർക്കം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ആഗോള ഊർജ്ജ വിതരണത്തിന് നിർണായകമായ ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞിരിക്കുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ തന്ത്രപ്രധാനമായ ഈ ജലപാതയുടെമേലുള്ള തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നാണ്’ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (IRGC) പ്രതികരിച്ചത്.
ഗൾഫ് മേഖലയിലൂടെ എണ്ണ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് ഇറാനെ തടഞ്ഞാൽ മറ്റ് രാജ്യങ്ങളെയും അതിന് അനുവദിക്കില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മറ്റൊരു വെടിനിർത്തലിനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞു. ഇറാനുമായുള്ള കരാറുകൾക്ക് ‘അത് എഴുതിവെച്ച കടലാസിന്റെ വിലപോലുമില്ലെന്നും’ ഇറാനുമുന്നിൽ ഇനി അവസരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.



