റെസ്റ്റോറന്റുകളിലെ സർവീസ് ചാർജ് ജീവനക്കാരുടെ ശമ്പളത്തിന് പകരമാകരുത് : ജിഡബ്ല്യുയു

റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് 10 ശതമാനം സർവീസ് ചാർജ് ഈടാക്കുന്ന പ്രവണത വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജനറൽ വർക്കേഴ്സ് യൂണിയൻ (GWU). ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവീസ് ചാർജ് കേറ്ററിംഗ് മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ ഭാഗമാക്കരുതെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ വേതനം, ജോലി സാഹചര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ മാത്രം ഉത്തരവാദിത്തമാണ്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന അധിക തുകയെ ആശ്രയിച്ചാകരുത്. വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് സർവീസ് ചാർജ് നിർബന്ധമാക്കുന്നത് ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ജിഡബ്ല്യുയു (GWU) ചൂണ്ടിക്കാട്ടി.
ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുമ്പ് തന്നെ സർവീസ് ചാർജിനെക്കുറിച്ച് ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചിരിക്കണമെന്ന് മാൾട്ട കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ അഫയേഴ്സ് അതോറിറ്റി (MCCAA) വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ അറിയിക്കാതെ ബില്ലിൽ അധിക തുക ചേർക്കുന്നത് അന്യായമായ വ്യാപാര രീതിയായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സർവീസ് ചാർജ് നിർബന്ധമാക്കുന്നത് ജീവനക്കാർക്ക് ലഭിക്കുന്ന ടിപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും യൂണിയൻ പങ്കുവെച്ചു. ബില്ലിൽ സർവീസ് ചാർജ് കാണുമ്പോൾ ജീവനക്കാർക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് കരുതി ഉപഭോക്താക്കൾ ടിപ്പ് നൽകുന്നത് നിർത്തിയേക്കാം. സർവീസ് ചാർജിലൂടെ ലഭിക്കുന്ന തുക ജീവനക്കാർക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ സംവിധാനമില്ലെങ്കിൽ ഇത് ജീവനക്കാരെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
സർവീസ് ചാർജ് തുക സുതാര്യമായി ജീവനക്കാർക്ക് വീതിച്ചു നൽകാൻ കൃത്യമായ നിയമസംവിധാനം വേണം. ഏതാനും മാസങ്ങൾക്ക് മുമ്പ് റെസ്റ്റോറന്റുകളിലെ വാറ്റ് (VAT) 7 ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇത് നടപ്പിലാകാത്തതിനെത്തുടർന്ന് ഉണ്ടായ നഷ്ടം നികത്താനാണോ ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നതെന്ന് സംശയമുണ്ടെന്നും യൂണിയൻ വ്യക്തമാക്കി.
തൊഴിലാളികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന തീരുമാനങ്ങൾ സോഷ്യൽ പാർട്ട്ണേഴ്സുമായി (Social Partners) ചർച്ച ചെയ്ത ശേഷം മാത്രമേ എടുക്കാവൂ. ജീവനക്കാരുടെ അവകാശങ്ങളും ഉപഭോക്തൃ താലപര്യങ്ങളും സംരക്ഷിക്കാൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്നും ജി.ഡബ്ല്യു.യു കൂട്ടിച്ചേർത്തു.



