അന്തർദേശീയം

യുഎസുമായി സമാധാന കരാര്‍ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍

ടെഹ്‌റാന്‍ : യുഎസുമായി സമാധാന കരാര്‍ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍. അമേരിക്ക ഇറാന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. ഹോര്‍മുസിലെ താല്‍ക്കാലിക ഇടനാഴി തുറക്കും മുന്‍പ് ഈ ഉറപ്പുകള്‍ പാലിക്കാന്‍ നടപടികള്‍ എടുക്കണമെന്നും ഖത്തറിനെ ഇറാന്‍ അറിയിച്ചു. ഹോര്‍മുസില്‍ താല്‍ക്കാലിക ഇടനാഴി തുറക്കുന്നതിന് ഖത്തര്‍ പൂര്‍ണപിന്തുണ അറിയിച്ചു.

എന്നാല്‍, രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഏതുസമയത്തും തിരിച്ചടി നല്‍കാന്‍ സൈന്യം തയാറാണ് എന്നും ഇറാന്‍ വ്യക്തമാക്കുന്നുണ്ട്. ഹോര്‍മുസ് പൂര്‍ണ്ണമായും തുറക്കും എന്ന് ഉറപ്പുനല്‍കിയില്ല.

ഇറാന്‍, ഖത്തര്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തിയിരുന്നു. ഇറാനിലായിരുന്നു കൂടിക്കാഴ്ച. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തില്‍ നിര്‍ണായക ചര്‍ച്ച നടന്നുവെന്നാണ് വിവരം. ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പാക് സൈനിക മേധാവിയുടെയും ഒമാന്‍ വിദേശകാര്യ മന്ത്രിയുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഖത്തറും ശ്രമം ആരംഭിച്ചത്.

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരു തിടുക്കവുമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇറാനെതിരായ സാമ്പത്തിക ഉപരോധം ഫലപ്രദമാണെന്നും ഇറാനില്‍ വന്‍തോതിലുള്ള പണപ്പെരുപ്പമുണ്ടെന്നുമാണ് ട്രംപിന്റെ അവകാശവാദം. യുഎസിന്റെ പുതിയ ഉപരോധങ്ങള്‍ ‘സാമ്പത്തിക ഭീകര പ്രവൃത്തി’ ആണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തുറന്നടിച്ചത്.

അതിനിടെ, ഹോര്‍മുസിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ എണ്ണ ടാങ്കറായ ഹാനയെ ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുന്നറിയിപ്പ് നല്‍കി തടഞ്ഞു. അതിനിടെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മറ്റൊരു എണ്ണ കപ്പലിലേക്ക് നടന്ന മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. തീ അണച്ചുവെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button