യുഎസിലെ നെവാഡയിൽ കാട്ടുതീ പടരുന്നു; 15,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ നെവാഡയിലുള്ള റീനോ നഗരത്തിന് സമീപം കാട്ടുതീ പടർന്നതിനെ തുടർന്ന് 15,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.’ഹോക്ക് മീഡോ ട്രെയിലിന്’ സമീപമുണ്ടായതിനാൽ ‘ഹോക്ക് ഫയർ’ എന്ന് പേരിട്ട കാട്ടുതീ 27% മാത്രമാണ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പടർന്നുതുടങ്ങിയ തീ ഇതുവരെ 15,000 ഏക്കറിലധികം പ്രദേശത്തെ വിഴുങ്ങിയിരിക്കുകയാണ്.
മേഖലയിലെ 23,000 ആളുകളോട് പ്രദേശം ഉടൻ ഒഴിഞ്ഞുപോകാനും 40,000 ആളുകളോട് മാറാൻ സജ്ജരായിരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാട്ടുതീയിൽ ഇതുവരെ 32 വീടുകൾ പൂർണമായും 6 വീടുകൾ ഭാഗികമായും നശിച്ചു. 4 പ്രദേശവാസികൾക്കും 3 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാട്ടുതീ ഉണ്ടാകാൻ കാരണം മനുഷ്യന്റെ ഇടപെടലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മനഃപൂർവ്വമാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 900-ലധികം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.
വാഷോ കൗണ്ടിയിൽ, നെവാഡ ഗവർണർ ജോ ലോംബാർഡോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കായി നാഷണൽ ഗാർഡിനെ നിയോഗിക്കുകയും ചെയ്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകി. പതിനായിരത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം തീ ഇനിയും പടരാൻ സാധ്യതയുണ്ട്.
അമേരിക്കയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള സേനയ്ക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും എയർ ടാങ്കറുകളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. ‘യൂണിവേഴ്സിറ്റി ഓഫ് നെവാഡ’യുടെ പ്രധാന കാമ്പസ്, ജാഗ്രതാ നിർദേശ മേഖലയ്ക്ക് സമീപമാണെങ്കിലും പ്രവർത്തനം തൽക്കാലം തുടരുമെന്ന് സർവ്വകലാശാല അറിയിച്ചു.



