അന്തർദേശീയം

ഓസ്‌ട്രേലിയയിലെ വിഷക്കൂണ്‍ കൊലപാതകങ്ങള്‍; കൊലയാളിയെ ഒരിക്കലും പുറത്തുവിടരുതെന്ന് പ്രോസിക്യൂഷൻ

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ വിഷക്കൂണ്‍ കൊലപാതകങ്ങളിലെ പ്രതി എറിന്‍ പാറ്റേഴ്‌സണെ ഒരിക്കലും ജയില്‍ മോചിതയാക്കരുതെന്ന് മെല്‍ബണ്‍ അപ്പീൽ കോടതിയിൽ പ്രോസിക്യൂഷൻ. ‘വിഷക്കൂണ്‍ കൊലയാളി’ നടത്തിയത് അതിഭയാനകമായ കൊലപാതകങ്ങളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2023ല്‍ വിക്ടോറിയയിലെ തന്റെ വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ഒരു ബന്ധുവിനെയും ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവത്തില്‍ ഡെത്ത് ക്യാപ് എന്നറിയപ്പെടുന്ന വിഷക്കൂണ്‍ അരച്ച് ചേര്‍ത്ത് എറിന്‍ കൊലപ്പെടുത്തിയെന്നും മറ്റൊരാളെ കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കേസില്‍ പരോളില്ലാതെ 33 വര്‍ഷത്തെ ജീവപര്യന്തം തടവാണ് കോടതി അമ്പത്തിയൊന്നുകാരിക്ക് വിധിച്ചത്. ഇത് അപര്യാപ്തമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

2023 ജൂലൈ 16. വിക്ടോറിയയിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുമ്പോഴാണ് ആഴ്ചകളായി താന്‍ പദ്ധതിയിട്ട കാര്യം നടപ്പാക്കാന്‍ എറിന്‍ പാറ്റേഴ്‌സണ് ധൃതിയായത്. പിരിഞ്ഞുകഴിയുന്ന ഭര്‍ത്താവിനെയും അയാളുടെയും കുടുംബക്കാരെയും കൊലപ്പെടുത്താനായിരുന്നു അവളുടെ തീരുമാനം. കൊലപാതകം നടത്തേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് അവള്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു.

ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണെയും സൈമണിന്റെ പിതാവ് ഡോണ്‍ പാറ്റേഴ്‌സണെയും മാതാവ് ഗെയില്‍ പാറ്റേഴ്‌സണെയും ഗെയിലിന്റെ സഹോദരി ഹെതര്‍ വിക്കിന്‍സണെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിക്കുക. ശേഷം ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഷെഫ് പരിപാടിയിലൂടെ പ്രശസ്തമായ ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവം അവര്‍ക്ക് നല്‍കുക. ഇതായിരുന്നു അവളുടെ പദ്ധതി. ബീഫ് ടെന്‍ഡര്‍ ലോയിന്റെ (അകത്തിറച്ചി) ചേരുവയില്‍ കൂണിന്റെ അരപ്പ് ചേര്‍ത്താണ് ബീഫ് വെല്ലിങ്ടണ്‍ തയ്യാറാക്കുന്നത്. ഇവിടെയാണ് കൊലപാതകത്തിന്റെ വഴി എറിന്‍ കണ്ടെത്തിയതും. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ ഡെത്ത് ക്യാപ് (തൊപ്പിക്കൂണ്‍) എന്ന് വിളിപ്പേരുള്ള അമനിറ്റ ഫല്ലോയ്ഡസ് എന്ന വിഷക്കൂണുകള്‍ എറിന്‍ സംഘടിപ്പിച്ചിരുന്നു.

ശാസ്ത്രലോകം ഏറ്റവും വിഷകരമെന്ന് കണ്ടെത്തിയ ഈ കൂണില്‍ അഞ്ച് മില്ലിഗ്രാം വിഷമാണ് അടങ്ങിയിരിക്കുന്നത്. അരക്കപ്പ് കൂണ്‍ ഉപയോഗിച്ച് ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും. കൂണ്‍ കഴിച്ചതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ വയറുവേദന, ഛര്‍ദി, അതിസാരം എന്നിവയുണ്ടാവുകയും കരളും വൃക്കയും തകര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും.

പള്ളിയില്‍ വെച്ച് എറിന്‍ സൈമണിനോടും മാതാപിതാക്കളോടും ജൂലൈ-29ന് ഉച്ചയൂണിന് വരണമെന്ന് പറഞ്ഞു. തനിക്ക് ഗര്‍ഭാശയ ക്യാന്‍സറാണെന്നും തന്റെ രണ്ട് മക്കളോടും ഇക്കാര്യം പറയാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഇത് മാനസികമായി തളര്‍ത്തുന്നുവെന്നും എറിന്‍ അവരോട് പറഞ്ഞു. താന്‍ ഉടനെ മരണപ്പെട്ടേക്കാമെന്നും അതിന് മുന്നോടിയായി എല്ലാവര്‍ക്കും വിരുന്ന് നല്‍കാന്‍ താത്പര്യപ്പെടുന്നതായും അവള്‍ പറഞ്ഞപ്പോള്‍ സൈമണിന്റെ വീട്ടുകാര്‍ക്ക് നിഷേധിക്കാനായില്ല.

എന്നാല്‍ ആദ്യം വരാമെന്ന് സമ്മതിച്ച ഭര്‍ത്താവ് സൈമണ്‍ ഉച്ചയൂണിന്റെ തലേന്ന് രാത്രി വരില്ലെന്ന് സൂചിപ്പിച്ച് എറിന് സന്ദേശമയച്ചു. ‘നാളെ ബന്ധുക്കള്‍ക്ക് കൊടുക്കുന്ന ഉച്ചയൂണില്‍ വരാന്‍ താത്പര്യം തോന്നുന്നില്ലെന്നും നിൻ്റെ രോഗാവസ്ഥയെക്കുറിച്ച് പിന്നീട് സംസാരിക്കാം’ എന്നുമായിരുന്നു സൈമണിന്റെ സന്ദേശം. എന്നാല്‍ ഈ വിരുന്ന് തനിക്ക് പ്രധാനപ്പെട്ടതാണെന്നും ബീഫ് വെല്ലിങ്ടണ്‍ ഉണ്ടാക്കാനുള്ള വിഭവങ്ങള്‍ വാങ്ങാന്‍ തനിക്കേറെ പണം ചെലവായെന്നും ചര്‍ച്ചയ്ക്കായി എല്ലാവരും ഉണ്ടായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എറിന്‍ തിരിച്ചും സന്ദേശമയച്ചു. ഈ സന്ദേശങ്ങള്‍ പിന്നീട് കോടതിയില്‍ തെളിവായി മാറി.

എറിന്‍ ആവശ്യപ്പെട്ടതുപോലെ പിറ്റേദിവസം ഉച്ചയ്ക്ക് സൈമണിന്റെ മാതാപിതാക്കളും അമ്മയുടെ സഹോദരിയും വിരുന്നിനെത്തി. ചര്‍ച്ചയുടെ ആധികാരികതയ്ക്കായി പള്ളിയിലെ പാസ്റ്ററായ ഇയാന്‍ വില്‍ക്കിന്‍സണെയും എറിന്‍ ക്ഷണിച്ചിരുന്നു. ഈ സമയം തന്റെ രണ്ട് മക്കളെ എറിന്‍ വീട്ടില്‍ നിന്നും തന്ത്രപൂര്‍വ്വം മാറ്റി. വിരുന്നുകാരായ നാലുപേര്‍ക്കൊപ്പം എറിനും ഭക്ഷണത്തിനിരുന്നു. മറ്റുള്ളവര്‍ക്ക് അവള്‍ വിഷക്കൂണ്‍ ചേര്‍ത്ത ബീഫ് വെല്ലിങ്ടണ്‍ വിളമ്പി. വിഷക്കൂണ്‍ ചേര്‍ക്കാത്ത ഭക്ഷണം അവളും കഴിച്ചു. വിരുന്നില്‍ പങ്കെടുത്ത നാലുപേര്‍ക്ക് വിഷമേല്‍ക്കുകയും എറിന്റെ ശരീരത്തില്‍ വിഷാംശം ഇല്ലാതിരിക്കുകയും ചെയ്തതാണ് കേസില്‍ മറ്റൊരു നിര്‍ണായക തെളിവായത്.

ഭക്ഷണം കഴിച്ച് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ സൈമണിന്റെ മാതാപിതാക്കളും മാതാവിന്റെ സഹോദരിയും മരണത്തിന് കീഴടങ്ങി. പാസ്റ്റര്‍ ഇയാന്‍ വില്‍ക്കിന്‍സണ്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇദ്ദേഹം മൂന്ന് മാസത്തെ ആശുപത്രി വാസവും കഴിഞ്ഞ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു.

മൂന്ന് പേരുടെയും അസ്വാഭാവിക മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിക്ടോറിയ പൊലീസില്‍ വിവരമറിയിച്ചത്. ആഗസ്റ്റ് 14ന് പൊലീസ് എറിന്‍ പാറ്റേഴ്‌സണില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കൂണ്‍ വാങ്ങിയത് എറിന്‍ സമ്മതിച്ചെങ്കിലും കൊലപാതകം നടത്തിയത് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് എറിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കൂണ്‍ സൂക്ഷിച്ച കണ്ടെയ്‌നര്‍ കണ്ടെത്തി. ഇതിന്റെ ശാസ്ത്രീയ പരിശോധനയില്‍ വിഷക്കൂണിന്റെ സാന്നിധ്യം തെളിഞ്ഞു. വീട്ടിലെ ഫുഡ് ഡീഹൈഡ്രേറ്റര്‍ എറിന്‍ ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യത്തിലൂടെ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വിഷക്കൂണ്‍ കൊലപാതകങ്ങള്‍ പുറത്തുവരുന്നത്.

കൊലപാതകങ്ങളുടെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്നതിലെ പ്രശ്‌നവും ബന്ധുക്കളോടുള്ള പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button