യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫലസ്തീനികൾക്ക് നേരെയുള്ള അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം : മാർപ്പാപ്പ

റോം : അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്ക് നേരെയുള്ള അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ ലിയോ പതിനാലാമൻ ആവശ്യപ്പെട്ടു. കാസ്റ്റൽ ഗണ്ടോൾഫോയിലെ വസതിയിൽ ഞായറാഴ്ച ഉച്ചപ്രാർഥനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂർവകവും ശാശ്വതവുമായ സമാധാനത്തിന് ‘ദ്വിരാഷ്ട്ര പരിഹാരം’ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് മാർപ്പാപ്പയുടെ പ്രതികരണം. നബ്ലസിന് തെക്കുള്ള ഖുസ്ര, തെക്കൻ മസാഫർ യാട്ട മേഖലയിലെ അൽ-തുബ എന്നീ ഗ്രാമങ്ങളിൽ അടുത്തിടെ വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. അവകാശ പ്രവർത്തകരുടെ റിപ്പോർട്ടുകൾ പ്രകാരം, കൂടുതൽ ഫലസ്തീൻ ഭൂമി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഖുസ്രയിൽ കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ച ശേഷം കുടിയേറ്റക്കാർ വീടുകൾ വളഞ്ഞിരുന്നു. അൽ-തുബ ഗ്രാമത്തിൽ ആഗസ്റ്റ് അഞ്ചിന് രാത്രിയിൽ അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു.

വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന അവസാന ക്രൈസ്തവ ഗ്രാമങ്ങളിലൊന്നായ തായ്‌ബെയിലും സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ തുടർന്ന് സൈന്യം ഇവിടേക്കുള്ള പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കിയിരിക്കുകയാണ്. ഫലസ്തീൻ കുടുംബങ്ങളെ ഭയപ്പെടുത്തി അവിടെ നിന്ന് പലായനം ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിരന്തരമായ അക്രമങ്ങളാണ് നടക്കുന്നതെന്ന് തായ്‌ബെയിലെ ക്രൈസ്റ്റ് ദി റെഡീമർ ചർച്ചിലെ വികാരി ഫാദർ ബഷാർ ഫവാദ്‌ലെ പറഞ്ഞു. ഈ ഗ്രാമത്തിന്റെ സംരക്ഷണത്തിനായി ഇടപെടണമെന്ന് അദ്ദേഹം മാർപ്പാപ്പയോട് അഭ്യർഥിച്ചിരുന്നു.

ഇതിന് പിന്നാലെ, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ആഗസ്റ്റ് 15ന് തായ്‌ബെ സന്ദർശിക്കുകയും കത്തോലിക്കാ സഭയുടെ പൂർണ പിന്തുണ ഗ്രാമവാസികൾക്ക് ഉറപ്പുനൽകുകയും ചെയ്തു. ഇസ്രായേൽ സൈന്യം കുടിയേറ്റക്കാരുടെ അക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്ന് ജൂണിൽ പുറത്തിറങ്ങിയ യുഎൻ അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button