ജപ്പാനിൽ മഴയിലും പ്രളയത്തിലും വൻ നാശനഷ്ടം; 4 മരണം

ടോക്കിയോ : ജപ്പാനിൽ മഴയിലും പ്രളയത്തിലും വൻ നാശനഷ്ടം. ടോക്കിയോക്ക് സമീപമുള്ള ചിബ പ്രവിശ്യയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. ഒരാൾ വെള്ളത്തിൽ മുങ്ങിയ വാഹനത്തിനുള്ളിൽ കുടുങ്ങിയാണ് മരിച്ചത്. 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ് ചിബയിൽ രേഖപ്പെടുത്തിയത്.
റോഡുകളും റെയിൽവേ പാതകളും പൂർണമായി വെള്ളത്തിനടിയിലായി. റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ ടോക്കിയോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ നരിറ്റയിൽ ഏഴായിരത്തോളം യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ടോക്കിയോ നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളും അടച്ചു. ചില ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പ്രളയത്തെ തുടർന്ന് 25,000ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാജ്യത്തെ പ്രധാന അവധിക്കാല ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് വൻ ദുരന്തം വിതച്ച് മഴയെത്തിയത്. ജപ്പാന്റെ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും അസാധാരണവും കഠിനവുമായ ദുരന്ത സാഹചര്യമാണിതെന്ന് ചിബ ഗവർണർ തോഷിഹിതോ കുമാഗയി പറഞ്ഞു.



