അന്തർദേശീയം

പുടിന്റെ കൊട്ടാരത്തിലെ വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകര്‍ത്ത് യുക്രൈന്‍

മോസ്കോ : കരിങ്കടൽ തീരത്തുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അത്യാധുനിക മന്ദിരത്തിന് (ഗെലെൻഡ്‌ഷിക് കൊട്ടാരം) സുരക്ഷയൊരുക്കിയിരുന്ന റഷ്യയുടെ അത്യാധുനിക ‘എസ്-400 ട്രയംഫ്’ വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകര്‍ത്ത് യുക്രൈന്‍.

ദക്ഷിണ റഷ്യയിലെ ഗെലെൻഡ്‌ഷിക് മേഖലയിലുള്ള പുടിന്റെ കൊട്ടാരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സംവിധാനമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റം.

ആക്രമണത്തിന് ഇരയായ മിസൈൽ ലോഞ്ചർ മൂന്ന് മണിക്കൂറോളം കത്തിയെരിയുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി ഉക്രെയ്ൻ അൺമാൻഡ് സിസ്റ്റംസ് ഫോഴ്സ് കമാൻഡർ മേജർ റോബർട്ട് ബ്രോവ്ഡിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ വസതിക്ക് ചുറ്റുമുള്ള 27 ചതുരശ്ര മൈൽ സുരക്ഷാ മേഖലയും നോ-ഫ്ലൈ സോണും മറികടന്നാണ് യുക്രൈന്‍ ഡ്രോണുകൾ ആക്രമണം നടത്തിയത്. ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും മൊബൈൽ ഫയർ ടീമുകളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു.

യുക്രേനിയന്‍ നഗരങ്ങൾക്ക് നേരെ ആക്രമണം നടത്താനായി റഷ്യ ഈ പ്രതിരോധ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8ന് ഈ സിസ്റ്റത്തിൽ നിന്ന് ആറ് മിസൈലുകൾ യുക്രൈന് നേരെ തൊടുത്തുവിട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ ക്ഷാമം നേരിടുന്നതിനാൽ, റഷ്യ ആക്രമണങ്ങൾക്കായി എസ്-400 പോലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ റഷ്യൻ അതിർത്തിക്കുള്ളിലേക്ക് 600 മൈലിലധികം ആഴത്തിൽ കടന്നുചെന്ന് ആക്രമണം നടത്താൻ യുക്രൈന് സാധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് പുടിന്റെ അതീവ സുരക്ഷിതമായ കൊട്ടാരത്തിന്റെ വസതി പരിസരത്തും യുക്രൈൻ വൻ നാശനഷ്ടം വരുത്തിവെച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button