അന്തർദേശീയം

ഗള്‍ഫ് ഓഫ് ഒമാനിലും ബാബ് എല്‍ മന്‍ദേബ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ മിസൈല്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താന്‍ തീരത്തിന് സമീപം ഗള്‍ഫ് ഓഫ് ഒമാനില്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. പനാമ കൊടി വഹിക്കുന്ന വെല നോവ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്താന്‍ തീരത്ത് നിന്ന് 71 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ബ്രിട്ടന്റെ മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് ഗ്രൂപ്പായ വാന്‍ഗാര്‍ഡും മാരിടൈം സെക്യുരിറ്റി സോഴ്‌സും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 11ന് ആക്രമണം നടന്നിട്ടുണ്ടെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും (യുകെഎംടിഒ) അറിയിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഏതോ സൈനിക സേനയാണ് ആക്രമണം നടത്തിയതെന്നാണ് യുകെഎംടിഒ റിപ്പോര്‍ട്ട്. എന്നാല്‍ സേന ഏതെന്ന് വ്യക്തമല്ല. ബഹ്‌റൈന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുകെ റോയല്‍ ആര്‍മിയുടെ ഭാഗമാണ് യുകെഎംടിഒ. പാകിസ്താന്റെ തെക്ക് പടിഞ്ഞാറന്‍ തീരവുമായി അതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് ഓഫ് ഒമാന്‍, അറബിക്കടലിനെയും ഹോര്‍മൂസ് കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ജലപാതയാണ്. പാകിസ്താന്റെ ഗ്വാദര്‍ തുറമുഖത്തിന് സമീപത്തൂടെയാണ് കടന്നുപോകുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ ഒരു ചെറിയ കാര്‍ഗോ കപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ക്രൂ അംഗങ്ങളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബാബ് എല്‍ മന്‍ദേബ് കടലിടുക്കിലാണ് ആക്രമണം നടന്നത്. ചെങ്കടലില്‍ വച്ച് ടാന്‍സാനിയന്‍ പതാക വഹിക്കുന്ന തിഹാമ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് മാരിടൈം സെക്യൂരിറ്റി സോഴ്‌സ് അറിയിച്ചിട്ടുണ്ട്.

സൂയസ് കനാല്‍ വഴി മെഡിറ്ററേനിയനില്‍ നിന്നു വരുന്ന കപ്പലുകളും ഗള്‍ഫ്, ആഫ്രിക്കന്‍ തീരമേഖലകളില്‍ നിന്നുള്ള കപ്പലുകളും ചെങ്കടല്‍ വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കടക്കുന്ന കടലിടുക്കായതിനാല്‍ അതീവ തന്ത്രപ്രധാനമാണ് ബാബ് എല്‍ മാന്‍ദേബ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button