മാൾട്ടാ വാർത്തകൾ

വിക്ടോറിയയിലെ പരമ്പരാഗത കുതിരപ്പന്തയത്തിനിടെ കുതിര വീണു; മൃഗക്ഷേമത്തെച്ചൊല്ലി വീണ്ടും ആശങ്ക

വക്ടോറിയയിലെ പ്രധാന തെരുവിൽ നടന്ന പരമ്പരാഗത കുതിരപ്പന്തയത്തിനിടെ കുതിര റോഡിൽ തെന്നിവീണതിനെത്തുടർന്ന് മത്സരത്തിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ആഗസ്റ്റ് 15-ന് നടക്കുന്ന ‘സാന്താ മരിയ’ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം റിപ്പബ്ലിക് സ്ട്രീറ്റിലാണ് മത്സരം നടന്നത്.

മൃഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കടുത്ത എതിർപ്പുകളെത്തുടർന്ന്, മുൻ വർഷങ്ങളിൽ തിരുനാൾ ദിനത്തിൽ നടന്നിരുന്ന ഈ പന്തയം ഈ അടുത്തകാലത്താണ് മറ്റൊരു ദിവസത്തെ വൈകുന്നേരത്തേക്ക് മാറ്റിയത്. വൈകുന്നേരം 5 മണിക്കും 8 മണിക്കും ഇടയിലാണ് മത്സരം നടന്നത്.

റിപ്പബ്ലിക് സ്ട്രീറ്റിലെ കയറ്റത്തിലൂടെ ഓട്ട മത്സരം നടക്കവേ, മുന്നിൽ ഓടിയ കുതിര കാൽ തെന്നി റോഡരികിലെ വൈക്കോൽ കെട്ടുകളിലേക്ക് മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തൊട്ടുപിന്നാലെ വന്ന മറ്റ് കുതിരകളും ഇതിന് മുകളിലേക്ക് തെന്നിവീഴുകയായിരുന്നു.

മറ്റൊരു വീഡിയോയിൽ ജോക്കി ഒരു പോണിയെ കാലിൽ അടിക്കുന്നതും കാണാം. കൂടാതെ, കുതിരകളെ വേഗത്തിലോടിക്കാൻ സംഘാടകർ ‘ഷോക്ക് ലൈറ്റ്’ (Shocking devices) പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി. മൃഗക്ഷേമ കോഡ് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആനിമൽ വെൽഫെയർ കമ്മീഷണർ എലിയറ്റ് മാഗ്രോ വ്യക്തമാക്കി.

സംഭവത്തെ രൂക്ഷമായി വിമർശിച്ച നാഷണലിസ്റ്റ് പാർട്ടി എം.പിയും മൃഗക്ഷേമ വക്താവുമായ ജാനിസ് ചെറ്റ്കുട്ടി, അപകടത്തിൽപ്പെട്ട കുതിരയ്ക്കും ജോക്കിക്കും പരിക്കില്ലെന്ന് കരുതുന്നതായി അറിയിച്ചു. അസ്ഫാൾട്ട് പാകിയ തെരുവുകളിൽ ഇത്തരം മത്സരങ്ങൾ നടത്തുന്നത് കുതിരകൾക്കും ജോക്കികൾക്കും കാണികൾക്കും ഒരേപോലെ അപകടകരമാണെന്നും ഇത്തരം പരമ്പരാഗത മത്സരങ്ങൾ മൃഗങ്ങളോടുള്ള അനീതിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം പന്തയങ്ങൾ പ്രത്യേക ട്രാക്കുകളിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
വർഷങ്ങൾ നീളുന്ന വിവാദം

വക്ടോറിയയിലെ ഈ കുതിരപ്പന്തയം മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ വർഷങ്ങളായി വിമർശനം നേരിടുന്നുണ്ട്. 2005 മുതൽ തന്നെ കടുത്ത ചൂടിൽ കുതിരകളെ ക്രൂരമായി അടിക്കുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു.

2015-ലും 2016-ലും മൃഗസംരക്ഷണ പ്രസ്ഥാനങ്ങൾ ഓട്ടമത്സരം വേനൽച്ചൂട് കുറഞ്ഞ സമയത്തേക്കോ അല്ലെങ്കിൽ പ്രത്യേക റേസ് കോഴ്സുകളിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള മത്സരമാണെന്നും വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടമുണ്ടെന്നും വാദിച്ച് സംഘാടകർ ഈ ആരോപണങ്ങൾ തള്ളിക്കളയുകയായിരുന്നു.

റോഡിന്റെ ഉപരിതലം കുതിരകൾക്ക് അനുയോജ്യമല്ലെന്നും അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും കാണിച്ച് 2019-ൽ അന്നത്തെ ആനിമൽ വെൽഫെയർ കമ്മീഷണർ ഡെനിസ് മോണ്ടെബെല്ലോ തെരുവിലെ കുതിരപ്പന്തയങ്ങൾ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2018-ൽ നടന്ന ഒരു പന്തയത്തിന് തൊട്ടുമുമ്പ് കുതിരയുടെ ജനനേന്ദ്രിയത്തിൽ ക്രൂരമായി ചാട്ടവാറുകൊണ്ട് അടിച്ചതിന് 2022-ൽ ഒരു വ്യക്തിക്ക് കോടതി 5,000 യൂറോ പിഴയും തടവുശിക്ഷയും വിധിച്ചിരുന്നു. ഭയന്നോടിയ കുതിര കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ കുതിരപ്പന്തയം. മധ്യകാലഘട്ടത്തിൽ ഗോസോയിലെ പ്രാദേശിക സേനയായ ‘ഇദ്-ദെയ്മ’യിലെ (Id-Dejma) കുതിരപ്പടയാളികളുടെ കാര്യക്ഷമതയും കുതിരകളുടെ ആരോഗ്യം നിലനിർത്തുന്നതിനുമായാണ് ഇത് ആരംഭിച്ചതെന്ന് ചരിത്രകാരനായ ജോസഫ് ബെസീന വ്യക്തമാക്കുന്നു.

നൂറ്റാണ്ടുകളായി കുതിരകൾ, കഴുതകൾ, കോവർകഴുതകൾ എന്നിവയെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കാറുണ്ട്. ഇത്തരത്തിൽ കുതിരപ്പന്തയവുമായി ആഴത്തിൽ ബന്ധമുള്ളതിനാലാണ് റിപ്പബ്ലിക് സ്ട്രീറ്റിന് മുൻപ് ‘റേസ്കോഴ്സ് സ്ട്രീറ്റ്’ (Triq it-Tiġrija) എന്ന് പേരുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button