മുജ്തബ ഖാംനഈ കൊല്ലപ്പെട്ടെന്ന വാർത്ത ഉടൻ പുറത്തുവരും; അവകാശവാദവുമായി ഇസ്രായേൽ മാധ്യമം

തെൽ അവീവ് : യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ കൊല്ലപ്പെട്ടെന്ന വാർത്ത ഏത് നിമിഷവും ഉയർന്നുകേൾക്കാമെന്ന് ഇസ്രായേലീ മാധ്യമങ്ങൾ. ഇസ്രായേലിലെ വലതുപക്ഷ മാധ്യമമായ ഔട്ട്ലെറ്റ് ചാനൽ 14 ആണ് ഇറാൻ പരമോന്നത നേതാവിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അവകാശവാദവുമായി രംഗത്തെത്തിയത്. മുജ്തബയുടെ ആരോഗ്യസ്ഥിതി പരിതാപകരമാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ഫെബ്രുവരി 28ന് യുഎസുമായി ചേർന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയും മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തെങ്കിലും പൊതുപരിപാടികളിൽ മുജ്തബ പ്രതൃക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഇസ്രായേലീ മാധ്യമങ്ങളുടെ റിപ്പോർട്ടിനോട് ഇറാൻ ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
‘ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് മുജ്തബ ഖാംനഈയുടെ അവസ്ഥ. അദ്ദേഹത്തിന്‍റെ പരിതാപകരമായ സാഹചര്യത്തെ കുറിച്ച് ഇറാനിലെ മുതിർന്ന നേതാക്കൾക്ക് കൃത്യമായി അറിയാം. അദ്ദേഹത്തിന്‍റെ അവസ്ഥ മോശമാണെന്ന് പെസെഷ്കിയാന്‍റെ കാബിനറ്റ് നേരത്തെ സൂചന തന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടെന്ന വാർത്ത ഉടൻ പുറത്തുവന്നാലും അത്ഭുതപ്പെടാനൊന്നുമില്ല.’ ഔട്ട്ലെറ്റ് റിപ്പോർട്ടിൽ പറയുന്നു.
മുജ്തബ ഖാംനഈയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് നേരത്തെയും പല വിധത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ ഖാംനഈക്കേറ്റ പരിക്കിൽ കാൽ മുറിച്ചുകളയേണ്ടിവന്നെന്നും വിദഗ്ധ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നുമെല്ലാം വിവിധ ഇസ്രായേലീ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തിന് ഇറാനിൽ സുരക്ഷിതമായ ചികിത്സ ലഭ്യമാക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പ്രസിഡന്‍റ് പുടിന്‍റെ നിർദേശപ്രകാരം റഷ്യയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് റഷ്യയിലെ ഇറാനിയൻ അംബാസിഡർ കാസിം ജലാലി തന്നെയും വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തിൽ, പരമോന്നത നേതാവിന്‍റെ ആരോഗ്യത്തെയും ചികിത്സയെ ചൊല്ലിയും വിവിധ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ഇസ്രായേലീ മാധ്യമത്തിന്‍റെ ഏറ്റവുമൊടുവിലത്തെ വാദം.
മുജ്തബയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇറാനിലെ വാർത്താ ഏജൻസികളിൽ നിന്നുതന്നെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നാണ് ഔട്ട്ലെറ്റിന്‍റെ വാദം. ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസെഷ്കിയാന്‍റെ കാബിനറ്റുമായി അടുത്ത ബന്ധമുള്ള ഒരു വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഇറാനിയൻ ഏജൻസിയുടെ റിപ്പോർട്ടും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. പരമോന്നത നേതാവിന്‍റെ കേന്ദ്രത്തിന് നേരെ ഫെബ്രുവരി 28ന് നടന്ന യുഎസ് ആക്രമണത്തിന് ശേഷം മുജ്തബ ഖാംനഈ കാബിനറ്റ് അംഗങ്ങളെയാരും കണ്ടിട്ടില്ലെന്ന് രണ്ട് മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് മാധ്യമം വ്യക്തമാക്കുകയുണ്ടായി.
ഇറാന്‍റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഇതാദ്യമായല്ല മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നത്. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ മുജ്തബ ഖാംനഈയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പിതാവ് അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, ആക്രമണത്തിൽ മുജ്തബയും കൊല്ലപ്പെട്ടെന്നുള്ള തരത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബയെ വിദഗ്ധ ചികിത്സകൾക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഉയർന്നുകൊണ്ടിരിക്കുന്ന വാർത്തകളെല്ലാം കിംവദന്തികൾ മാത്രമാണെന്നും അദ്ദേഹം ആരോഗ്യത്തോട് കൂടി ജീവിച്ചിരിപ്പുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പലപ്പോഴായി ഉയർന്നുപൊന്തിയ ഊഹാപോഹങ്ങൾക്ക് ശമനമാകുകയായിരുന്നു.
ആക്രമണത്തിൽ മാരകമായി മുറിവേറ്റെങ്കിലും മാനസികമായി അദ്ദേഹം കരുത്തനാണെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. തന്‍റെ പിതാവിന്‍റെ ജീവനെടുത്ത ബോംബാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മുജ്തബ, തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർക്കുകയുണ്ടായി. ഖാംനഈ ജീവിച്ചിരിപ്പുണ്ടെന്ന വാർത്തകൾക്ക് കരുത്ത് പകരുന്നതായിരുന്നു അക്കാലയളവിലെ പ്രസിഡന്‍റ് പെസെഷ്കിയാന്‍റെ പ്രസ്താവനകൾ. ഹാർട്ട് സർജറി വിദഗ്ധനും ആരോഗ്യമന്ത്രിയുമായിരുന്ന അദ്ദേഹം, ഖാംനഈയുടെ ആരോഗ്യനിലയിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. ഇസ്രായേൽ ചാരസംഘടനകൾക്ക് വിവരം ലഭിക്കാതിരിക്കാനായി ഐആർജിസി, സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പരമോന്നത നേതാവിനെ സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നില്ല. 1979-ലെ ഐതിഹാസികമായ ഇസ്ലാമിക് റിപ്പബ്ലിക്കിന് ശേഷം, തന്‍റെ പിതാവിന്‍റെയും വിപ്ലവ സ്ഥാപകൻ ആയത്തുല്ല റൂഹുല്ല ഖാംനഈയുടെയും പിൻഗാമിയായെത്തുന്ന മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ ഖാംനഈ.



