മാൾട്ടാ വാർത്തകൾ

ഹെപ്പറ്റൈറ്റിസ് എ : ഖോർമിയിലെ ഭക്ഷണശാലയുമായി ബന്ധമുള്ള നാല് കേസുകൾ അന്വേഷിച്ച് ആരോഗ്യ വകുപ്പ്

ഹാൽ ഖോർമി (Ħal Qormi)യിലെ ഡെലി ആൻഡ് കോ (Deli & Co) എന്ന ഭക്ഷണശാലയുമായി ബന്ധപ്പെട്ടതായി കരുതുന്ന ഹെപ്പറ്റൈറ്റിസ് എയുടെ നാല് കേസുകൾ പൊതുജനാരോഗ്യ അധികൃതർ അന്വേഷിക്കുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി സമ്പർക്ക പട്ടിക (Contact Tracing) ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ നാല് രോഗബാധകളും ഡെലി ആൻഡ് കോയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് കണ്ടെത്തിയത്. രോഗബാധയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

മുൻകരുതൽ നടപടിയെന്ന നിലയിൽ, ജൂൺ 17 നും 25 നും ഇടയിൽ ഈ സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഓഗസ്റ്റ് 14 വരെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്താണിത്.

കരളിനെ ബാധിക്കുന്ന ഒരു വൈറസ് ബാധയാണ് ഹെപ്പറ്റൈറ്റിസ് എ. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, വയറുവേദന, അതിസാരം, മൂത്രത്തിന് കടും നിറം, വിളറിയ മലം, കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുന്ന മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധയേറ്റ് സാധാരണയായി നാല് ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ ഇത് 15 മുതൽ 50 ദിവസം വരെയാകാനും സാധ്യതയുണ്ട്.

നിർദ്ദിഷ്ട കാലയളവിൽ ഡെലി ആന്റ് കോയിൽ നിന്ന് ഭക്ഷണം കഴിക്കുകയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർ 23266161, 23266104 അല്ലെങ്കിൽ 23266119 എന്നീ നമ്പറുകളിൽ ഹെൽത്ത് പ്രൊമോഷൻ ആൻഡ് ഡിസീസ് പ്രിവൻഷൻ ഡയറക്ടറേറ്റിന് കീഴിലുള്ള സാംക്രമിക രോഗ പ്രതിരോധ വിഭാഗവുമായി (IDPCU) ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടറെ കണ്ട് പരിശോധന നടത്താനും നിർദ്ദേശമുണ്ട്. അടിയന്തിര വൈദ്യസഹായത്തിനായി 21231231 എന്ന നമ്പറിൽ ദേശീയ ടെലിമെഡിസിൻ സേവനത്തെയും സമീപിക്കാം.

രോഗബാധിതർക്ക് ആവശ്യമായ നിർജ്ജലീകരണ പ്രതിരോധം, പോഷകാഹാരം, നിരന്തരമായ നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള ലക്ഷണാനുബന്ധ ചികിത്സകളാണ് (supportive care) നൽകിവരുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, അല്ലെങ്കിൽ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം പകരുന്നത്. ശൗചാലയം ഉപയോഗിച്ച ശേഷവും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുൻപും കൈകൾ നന്നായി കഴുകുന്നത് രോഗപ്പകർച്ച തടയാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്: ‘ഡെലി ആന്റ് കോ’

അതേസമയം, സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ജൂലൈ 4-ന് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇയാൾ ജൂൺ 25-ന് ശേഷമാണ് അവസാനമായി ജോലിക്ക് എത്തിയതെന്ന് ഡെലി ആന്റ് കോ മാനേജ്‌മെന്റ് വ്യക്തമാക്കി. രോഗനിർണയത്തിന് ശേഷം ആരോഗ്യ അധികൃതർ പൂർണ്ണ കായികക്ഷമത സ്ഥിരീകരിക്കുന്നത് വരെ ഇയാൾ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

മറ്റൊരു ജീവനക്കാരന് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നിട്ടും മുൻകരുതലെന്ന നിലയിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പൊതുജനങ്ങളിൽ ഭീതി പരത്താനും സ്ഥാപനത്തിന് തിരിച്ചടിയാകാനും കാരണമാകുമെന്ന് ഡെലി ആന്റ് കോ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button