യുഎസ് ഉപരോധം : ക്യൂബ മരുന്ന്, ഇന്ധന വിതരണ മേഖലകളിൽ ചെറുകിട സ്വകാര്യ സംരംഭകർക്ക് തുറന്നുകൊടുക്കുന്നു

ഹവാന : അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ പുതിയ ചുവടുവെപ്പുമായി ക്യൂബ. അമേരിക്കൻ ഉപരോധത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഇതേത്തുടർന്ന് അവശ്യസാധനങ്ങൾ മുടങ്ങാതിരിക്കാൻ രാജ്യത്തെ മരുന്ന്, ഇന്ധന വിതരണ മേഖലകളിൽ ചെറുകിട സ്വകാര്യ സംരംഭകർക്ക് തുറന്നുകൊടുക്കുകയാണ് ക്യൂബൻ സർക്കാർ. ഫാർമസികളും ഗ്യാസ് സ്റ്റേഷനുകളുമാണ് സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നത്.
മനുഷ്യത്വരഹിതമായ വാണിജ്യ – സാമ്പത്തിക ഉപരോധങ്ങളാണ് കാലങ്ങളായി അമേരിക്ക ക്യൂബയ്ക്കെതിരെ തുടരുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് അവശ്യ മരുന്നുകളും ഇന്ധനവും വാങ്ങുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള ബാങ്കിംഗ് ഇടപാടുകളിലും അമേരിക്ക ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തടസം സൃഷ്ടിക്കുന്നുണ്ട്.
ജനങ്ങളുടെ ക്ഷേമത്തിനാണ് ക്യൂബയിലെ ജനപക്ഷ സർക്കാർ എക്കാലത്തും മുൻഗണന നൽകുന്നത്. ലോകത്തിനാകെ മാതൃകയായ ക്യൂബയിലെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടിയായും ക്യൂബ ഇതിനെ കാണുന്നു. രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ അമേരിക്ക സൃഷ്ടിക്കുന്ന ഉപരോധം മൂലമുള്ള സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന ക്യൂബയുടെ തന്ത്രപ്രധാനമായ പുതിയ ചുവടുവെപ്പാണിത്.



