മാലിയിൽവച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്ര വ്യാപാരിയെ മോചിപ്പിച്ചതായി റിപ്പോർട്ട്.

സൂറത്ത് : മാലിയിൽവച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യൻ വംശജനായ വജ്ര വ്യാപാരിയെ വിട്ടയച്ചെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ നിന്നുള്ള ധീരു രമാനിയെയാണ് (75) ഏപ്രിലിൽ മാലിയിൽവച്ച് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ 40 ലക്ഷം യൂറോ (ഏകദേശം 44 കോടി രൂപ) നൽകിയതിനെത്തുടർന്നാണ് മോചനമെന്നാണ് വിവരം.
ഗുജറാത്തിലെ അംറേലി ജില്ലയിലെ ധർ ഗ്രാമത്തിൽ നിന്നുള്ള ധീരു രമാനിയുടെ കുടുംബം 1980 മുതൽ വജ്ര വ്യാപാരം നടത്തുന്നവരാണ്. സൂറത്തായിരുന്നു ഇവരുടെ പ്രധാന കച്ചവട കേന്ദ്രം. പിന്നീട് ധീരുവും കുടുംബവും അമേരിക്കയിലേക്ക് കുടിയേറുകയും രാജ്യാന്തരതലത്തിൽ വജ്രവ്യാപാരം ആരംഭിക്കുകയും ചെയ്തു. മാലിയിൽ അടുത്തിടെ ഒരു സ്വർണ ഖനി വാങ്ങിയതിനു ശേഷം ഏതാനും നാളുകളായി അവിടെ താമസിക്കുകയായിരുന്നു ധീരു. അവിടെ വച്ചാണ് ധീരുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കുടുംബം നേരിട്ട് ചർച്ചകൾ നടത്തുകയും പണം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തതോടെ കേസിൽ ഇന്ത്യൻ എംബസി ഇടപെട്ടിരുന്നില്ല.
ധീരുവിനെ മോചിപ്പിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും മാലിയിൽ തന്നെയാണുള്ളതെന്നും മാലി അധികൃതർ ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.



