അന്തർദേശീയം

ട്രംപിന് തിരിച്ചടി; എച്ച്-1ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കീഴ്ക്കോടതി വിധിക്ക് സ്റ്റേയില്ല .

വാഷിങ്ടൺ ഡിസി : എച്ച്-1ബി വിസ നടപടികളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ(ഏകദേശം 83 ലക്ഷത്തിലധികം രൂപ) ഫീസ് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി.

20 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് വിധി. യുഎസ് കോൺ​ഗ്രസിന്റെ അം​ഗീകാരമില്ലാതെയാണ് ഫീസ് ഏർപ്പെടുത്തിയതെന്നും ഇത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി അപേക്ഷാ ഫീസ് ജൂൺ 8 ന് ലോവർ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീൽ നൽകുകയായിരുന്നു. അതാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള യുഎസ് സർക്യൂട്ട് അപ്പീൽ കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.

ഐടി മേഖലയടക്കം വൻകിട ടെക് കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്-1ബി വിസകളെയാണ്. എച്ച്-1ബി വിസയ്ക്കായി മുൻപ് കമ്പനികൾ 2,000 മുതൽ 5,000 വരെ ഡോളർ മാത്രമാണ് ഫീസായി നൽകിയിരുന്നത്. ഇത് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയതോടെ അമേരിക്കൻ കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുന്നതിൽ നിന്ന് കൂട്ടത്തോടെ പിന്തിരിഞ്ഞു. നിലവിലെ കോടതി വിധി ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button