അന്തർദേശീയം

ലൈംഗിക ആരോപണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറെ വോട്ടെടുപ്പിലൂടെ പുറത്താക്കി.

ഹേഗ് : ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഹേഗിലെ കോടതിയിൽ ചീഫ് പ്രോസിക്യൂട്ടറായ 56-കാരൻ ബാരിസ്റ്റർ കരീം ഖാന് എതിരെയാണ് നടപടി.

കോടതിയുടെ മേൽനോട്ട സമിതിയായ അംഗരാജ്യങ്ങളുടെ പൊതു സഭ (Assembly of States Parties) വെള്ളിയാഴ്ചയാണ് പുറത്താക്കൽ നപടി പ്രഖ്യാപിച്ചത്.അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചീഫ് പ്രോസിക്യൂട്ടറെ പദവിയിൽ നിന്ന് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്. നടപടിക്ക് പിന്നാലെ ഇതിന് പിന്നിലെ ഭൗമരാഷ്ട്രീയവും ലോകം ചര്‍ച്ച ചെയ്യുന്നു.

ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു,മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് കരിം ഖാനാണ്.ഇതിനുള്ള പ്രതികരണമായി ഖാനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൺ ഇക്കാര്യത്തിൽ പരസ്യ പ്രതകരണവും നടത്തി. “നെതന്യാഹുവിനെതിരെ രാഷ്ട്രീയ പ്രേരിതമായി വാറന്റ് പുറപ്പെടുവിച്ചാൽ തനിക്കെതിരെയുള്ള ഗുരുതരമായ ലൈംഗിക ആരോപണങ്ങളിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാമെന്ന് കരീം ഖാൻ കരുതി,എന്നാൽ അദ്ദേഹത്തിന് തെറ്റി,”എന്നായിരുന്നു അന്നത്തെ മുന്നറിയിപ്പ്.

യുവതിയായ അസിസ്റ്റന്റിനോട് ലൈംഗിക അതിക്രമം കാട്ടിയതായാണ് ബ്രിട്ടീഷ് ബാരിസ്റ്ററായ കരിം ഖാനെതിരായ കേസ്. 125അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും എതിരായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പുറത്തേക്കുള്ള വഴി തുറന്നത്.എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായി നിഷേധിച്ചു.

കരീം ഖാൻ “ഗുരുതരമായ പെരുമാറ്റദൂഷ്യവും കടമകളിൽ വീഴ്ചയും കാട്ടി”എന്ന് സമിതിയുടെ പ്രസിഡന്റ് പൈവി കൗകോരന്ത അറിയിച്ചു.ഖാൻ അസിസ്റ്റന്റുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഇതിനെതിരെ പരാതി നൽകാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രാഥമിക കണ്ടെത്തലുകൾ എതിരായതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ ഖാനെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു. ഒരു വര്‍ഷം മുൻപ് നൽകിയ പരാതിയാണ്.

പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും,നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെയുള്ള അറസ്റ്റ് വാറന്റുകളെ ഇത് ഉടനടി ബാധിക്കില്ല.ഈ വാറന്റുകൾ പിൻവലിക്കാൻ ഐസിസി ജഡ്ജിമാർക്ക് മാത്രമേ അധികാരമുള്ളൂ.

മനുഷ്യരാശിക്കെതിരെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ സ്ഥാപിക്കപ്പെട്ടതാണ് ഐസിസി.അമേരിക്കയും ഇസ്രയേലും പോലുള്ള രാജ്യങ്ങളുടെ വിരുദ്ധ നിലപാടുകൾ മൂലം കോടതി ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ സംഭവം.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകർക്കാൻ ലക്ഷ്യമിട്ട് ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യു എസ് വ്യാപകമായ പ്രചാരണം ആരംഭിക്കുകയാണ്.വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു.

ഐസിസിയിൽ നിന്ന് പിന്മാറാൻ അംഗരാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുമെന്നും,സഹകരിക്കുന്ന സംഘടനകൾക്ക് ഉപരോധമേർപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.കോടതിയിലെ ജീവനക്കാരുടെ യുഎസ് യാത്രകൾക്ക് വിലക്കേര്‍പ്പെടുത്തും എന്നു വരെ പ്രഖ്യാപിച്ചു.

ഖാനെ പുറത്താക്കിയ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ഐസിസിയിൽ മറ്റൊരു പൊട്ടിത്തെറി കൂടിയുണ്ടായി.കൂട്ടായ്മയിൽ നിന്നും പിന്മാറുന്നതായി വെനിസ്വേല പ്രഖ്യാപിച്ചു.ഐസിസിക്ക് ഭൂമിശാസ്ത്രപരമായ പക്ഷപാതിത്വമുണ്ടെന്നും ആഫ്രിക്കൻ,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ മാത്രമാണ് കോടതി ലക്ഷ്യമിടുന്നതെന്നും വെനിസ്വേലൻ വിദേശകാര്യ മന്ത്രി ഫെലിക്സ് പ്ലാസെൻസിയ ആരോപിച്ചു.നേരത്തെ,യുഎസ് ഉപരോധം കുറ്റകൃത്യമായി കണക്കാക്കണമെന്ന വെനിസ്വേലയുടെ ആവശ്യം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഐസിസി തള്ളിയിരുന്നു.എന്നാൽ നിക്കോളാസ് മഡുറോയുടെ ഭരണത്തിന് കീഴിൽ നടന്ന കുറ്റകൃത്യങ്ങളിലെ അന്വേഷണം തുടരുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button