അന്തർദേശീയം

യുക്രൈനിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിയേയും പുറത്താക്കി സെലൻസ്‌കി

കീവ് : യുക്രൈനിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിയെ പുറത്താക്കി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. നേരത്തേ, ജനപ്രിയനായ പ്രതിരോധമന്ത്രി മിഖൈലോ ഫെഡോറോവിനെ സെലൻസ്‌കി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെമ്പാടും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ്‌ സൈനികമേധാവിയേയും പുറത്താക്കുന്നത്. പ്രതിരോധമന്ത്രിയുടെ സ്ഥാനചലനത്തിന് കാരണം അദ്ദേഹവും സൈനികമേധാവിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന് പുതുജീവൻ നൽകുകയും സായുധസേനയെ ആധുനികവത്കരിക്കുകയും അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തയാളാണ് 35-കാരനായ ഫെഡോറോവ്. ഇതിന്റെ പേരിൽ അദ്ദേഹം വലിയ പ്രശംസ നേടിയിരുന്നു. അതേസമയം സൈന്യത്തിൽ മാറ്റങ്ങൾ നടപ്പാക്കുന്നതിനോട് വിമുഖത കാണിക്കുന്ന സോവിയറ്റ് ശൈലിയിലുള്ള കമാൻഡറായാണ് യുക്രൈനിലെ പലരും 60-കാരനായ സിർസ്‌കിയെ കാണുന്നത്. ഇദ്ദേഹത്തിന് പകരം 43-കാരനായ മിഖൈലോ ഡ്രാപാറ്റിയെ പുതിയ സൈനിക മേധാവിയായി നിയമിച്ചു.

പുറത്താക്കപ്പെട്ട സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് സെലൻസ്‌കി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു. 2022-ലെ റഷ്യൻ അധിനിവേശത്തിന്റെ ആദ്യദിനങ്ങളിൽ തലസ്ഥാനമായ കീവിനെ വിജയകരമായി പ്രതിരോധിച്ചതിൽ സിർസ്‌കിക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രതിരോധമന്ത്രി ഫെഡൊറോവുമായി കൂടിക്കാഴ്ച നടത്തിയെന്നും, അദ്ദേഹത്തിന് ‘അധികാരത്തിൽ അർഹമായ ഒരു പദവി’ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡൊറോവിന് പകരക്കാരനായി യുക്രൈനിന്റെ സുരക്ഷാ സേനയായ എസ്ബിയുവിലെ മുൻ ഉന്നത ഉദ്യോഗസ്ഥനായ യെവ്‌ഹെനി ഖ്മാരയെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു.

അതിനിടെ പുതിയ സൈനികമേധാവിയായ ഡ്രാപാറ്റിയെ ഫെഡൊറോവ് പരസ്യമായി പിന്തുണച്ചു. ഒരാഴ്ചയായി നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധി ശമിപ്പിക്കാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button