അന്തർദേശീയം

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സേന ഇറാനിൽ വ്യോമാക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കം.

ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി ഇറാഖിലെ നജഫിലെത്തിച്ച ഖാംനഈയുടെ മൃതദേഹത്തെ അനുഗമിക്കാനും, ഇറാഖ് സർക്കാർ പ്രതിനിധികളുമായി സുപ്രധാന ചർച്ചകൾ നടത്താനുമായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സിറിക്, ഖിഷം, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയത്. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സിറികിലുണ്ടായ അമേരിക്കൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും, ഇവരെ മിനാബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അമേരിക്കൻ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്കയും ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ വിൽപ്പനയ്ക്ക് അമേരിക്ക നൽകിയിരുന്ന അനുമതി ഔദ്യോഗികമായി പിൻവലിച്ചു. ഇതിന് പുറമെ, ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്കെതിരെ അമേരിക്ക ഈ ഭീഷണി തുടർന്നാൽ അന്തിമ കരാർ ചർച്ചകൾ നടക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, അന്തരിച്ച ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ മൃതദേഹം നാളെ ഇറാനിലെ മഷ്ഹദിൽ സംസ്കരിക്കും. ഇതിന് മുന്നോടിയായി ഇന്ന് ഇറാഖിലെ നജഫ്, കർബല പട്ടണങ്ങളിൽ നടക്കുന്ന പൊതുദർശനത്തിനും വിലാപയാത്രയ്ക്കും വലിയ ഒരുക്കങ്ങളാണ് അധികൃതർ നടത്തിയിട്ടുള്ളത്. ഈ ദുഃഖാചരണങ്ങൾക്കിടയിലാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ വീണ്ടും ഉടലെടുത്തിരിക്കുന്നത്. അതിനിടെ തുർക്കിക്ക് എഫ്-35 (F-35) പോർവിമാനങ്ങൾ നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഈ നയതന്ത്ര നീക്കത്തിനും വലിയ പ്രാധാന്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button