അന്തർദേശീയം

എൽ നിനോ : തിളച്ചുമറിഞ്ഞ് സമുദ്രങ്ങൾ; ജൂൺ മാസം അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്

ലണ്ടന്‍ : ലോകത്തെ സമുദ്രങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞർ. ജൂൺ മാസം ലോകത്തിലെ സമുദ്രങ്ങളിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂടാണെന്നും വരും മാസങ്ങളിൽ ചൂട് വർധിക്കാനാണ് സാധ്യതയെന്നും യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മറൈൻ സർവീസ് മുന്നറിയിപ്പ് നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

എൽ നിനോ പ്രതിഭാസം, മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിനുള്ള പ്രധാന കാരണങ്ങളാണെന്നും ചൂണ്ടിക്കാട്ടുന്നു. 21.0 ഡിഗ്രി സെൽഷ്യസാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ആഗോള സമുദ്ര ഉപരിതല താപനില. മുൻ വർഷങ്ങളായ 2023-ലെയും 2024-ലെയും ജൂൺ മാസങ്ങളിലെ റെക്കോർഡുകളെയെല്ലാം പിന്നിലാക്കുന്നതാണിത്. 2026-ന്റെ ആദ്യ പകുതിയിൽ തന്നെ സമുദ്രതാപനില സ്ഥിരമായി ഉയർന്ന നിലയിലായിരുന്നു.

ആഗോള സമുദ്രങ്ങളുടെ 82 ശതമാനത്തോളം ഭാഗത്ത് ഇതിനകം തന്നെ സമുദ്രതാപ തരംഗങ്ങൾ വ്യാപിച്ചുകഴിഞ്ഞു എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മെഡിറ്ററേനിയൻ, മധ്യ വടക്കൻ അറ്റ്ലാന്റിക്, ഭൂമധ്യരേഖാ പസഫിക് തുടങ്ങിയ മേഖലകൾ സമുദ്രത്തിലെ ചൂടേറിയ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. എൽ നിനോയുടെ വരവാണ് സമുദ്ര താപനില ഇത്രയും ഉയരാനുള്ള കാരണമെന്നാണ് ശാസ്ത്രജ്ഞർ ഒന്നടങ്കം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button