മാൾട്ട–ഗോസോ ഫെറി സർവീസ്; നാലാമതൊരു കപ്പലിനായി ടെൻഡർ വിളിച്ച് ഗോസോ ചാനൽ

മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഫെറി സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാലാമതൊരു കപ്പൽ വാടകയ്ക്കെടുക്കാൻ ഗോസോ ചാനൽ ഓപ്പറേഷൻസ് ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചു. നിലവിൽ സർവീസ് നടത്തുന്ന ‘നിക്കോളാവോസ്’ (Nikolaos) എന്ന കപ്പലിന് പകരമായാണ് പുതിയ കപ്പലിനെ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഗോസോ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള ഫെറി കപ്പലുകളായ ‘താ പിനു’ (Ta’ Pinu), ‘ഗൗഡോസ്’ (Gaudos), ‘നിക്കോളാവോസ്’ എന്നിവയോടൊപ്പം പുതിയ കപ്പൽ കൂടി എത്തുന്നതോടെ സർവീസുകളുടെ എണ്ണത്തിലും വിശ്വാസ്യതയിലും വലിയ വർദ്ധനവുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കരാർ കാലാവധി രണ്ട് വർഷത്തേക്കാണ്. കുറഞ്ഞ നിരക്ക് മാത്രമല്ല, സേവനത്തിന്റെ ഗുണനിലവാരം കൂടി കണക്കിലെടുത്തായിരിക്കും ടെൻഡറുകൾ വിലയിരുത്തുക. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കൈകാര്യം ചെയ്യാനും സർവീസുകളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുയും സിർക്കെവ്വ (മാൾട്ട), എംജാർ (ഗോസോ) എന്നീ തുറമുഖങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഗോസോയുടെ സമ്പദ്വ്യവസ്ഥയ്ക്കും ജനങ്ങളുടെ ജീവിതനിലവാരത്തിനും ഈ കടൽയാത്ര മാർഗ്ഗം അത്യന്താപേക്ഷിതമാണെന്ന് ഗോസോ ചാനൽ ഓപ്പറേഷൻസ് ലിമിറ്റഡ് അറിയിച്ചു. മാൾട്ടയും ഗോസോയും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ മികച്ച സേവന നിലവാരം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ഗോസോ മന്ത്രാലയം കൂട്ടിച്ചേർത്തു.



