16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്തണം : മൊമെന്റം

സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘മൊമെന്റം’ (Momentum).
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കാത്തിരിക്കുന്നത് അർത്ഥശൂന്യമാണെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാൾട്ട സർക്കാർ ഉടൻ തന്നെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് മൊമെന്റത്തിന്റെ ആവശ്യം. സാങ്കേതിക കമ്പനികൾ ലാഭത്തിന് മുൻഗണന നൽകുന്നതിനാലാണ് ഇത്തരമൊരു നിലപാടെന്ന് മൊമെന്റം ജനറൽ സെക്രട്ടറി മാർക്ക് കാമില്ലേരി ഗാംബിൻ വ്യക്തമാക്കി.
കുട്ടികളുടെ മാനസികാരോഗ്യം, ഉറക്കം, ശ്രദ്ധ എന്നിവയെ ദോഷകരമായി ബാധിക്കുന്ന സൈബർ ബുള്ളിയിംഗിൽ നിന്നും മറ്റ് സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം. തങ്ങളുടെ 2026-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഈ കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നോർവേ, ഡെൻമാർക്ക്, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇതേക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. ഈ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാകാൻ മാൾട്ടയും തയ്യാറാകണമെന്നും, വൈകുംതോറും കുട്ടികൾ അഡിക്റ്റീവ് ആയ അൽഗോരിതങ്ങൾക്ക് ഇരയാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ഒക്ടോബറിൽ, 13 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിലും കർശനമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് മൊമെന്റം ആവശ്യപ്പെടുന്നത്.



