മാൾട്ടാ വാർത്തകൾ

പ്രധാനമന്ത്രിയുടെ 100 ദിന ആസൂത്രണ അപ്പീൽ പരിഷ്കരണ പ്രഖ്യാപനത്തിൽ ആശങ്ക : ‘ഇൽ-കൊളേറ്റീവ്

പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പുതിയ ആസൂത്രണ അപ്പീൽ പരിഷ്കരണ വാഗ്ദാനത്തിനെതിരെ ആശങ്ക രേഖപ്പെടുത്തി ‘ഇൽ-കൊളേറ്റീവ്’ (Il-Kollettiv).

സർക്കാരിന്റെ പുതിയ ഭരണകാലയളവിലെ ആദ്യ 100 ദിവസത്തിനുള്ളിൽ ആസൂത്രണ അപ്പീൽ പരിഷ്കരണം നടപ്പിലാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് ‘ഇൽ-കൊളേറ്റീവ്’ രംഗത്തെത്തിയത്. 2025 വേനൽക്കാലത്ത് വിവാദമായ 143, 144 ബില്ലുകൾ കൊണ്ടുവന്ന രീതി ഇവർ ഓർമ്മിപ്പിച്ചു.

അന്ന് ഈ ബില്ലുകൾ വൈറ്റ് പേപ്പറായി പുറത്തിറക്കുന്നതിന് പകരം നേരിട്ട് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു. ഇത് ‘ഡെവലപ്പർമാരുടെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണ്’ എന്നാരോപിച്ച് താമസക്കാരുടെ കൂട്ടായ്മകളും പരിസ്ഥിതി പ്രവർത്തകരും വലിയ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് സർക്കാർ നടപടികൾ നിർത്തിവെച്ചു.

നിർമ്മാണ മേഖലയിലെ അമിതമായ കടന്നുകയറ്റം, ട്രാഫിക്, ജനസംഖ്യാ വർദ്ധനവ് എന്നിവ മൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണെന്ന് സർക്കാരിന് നന്നായി അറിയാമെന്ന് ‘ഇൽ-കൊളേറ്റീവ്’ ചൂണ്ടിക്കാട്ടി. നിർമ്മാണ മാഫിയകളുടെ താൽപ്പര്യങ്ങൾക്കാണോ അതോ ജനങ്ങളുടെ ക്ഷേമത്തിനാണോ സർക്കാർ മുൻഗണന നൽകുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

പുതിയ ആസൂത്രണ മന്ത്രി ജോനാഥൻ അറ്റാർഡുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ‘ഇൽ-കൊളേറ്റീവ്’ അറിയിച്ചു. എന്നാൽ, പ്ലാനിംഗ് അതോറിറ്റി സിഇഒ ജോഹാൻ ബുട്ടിജിഗ്, മുൻ ബില്ലുകളുടെ ശില്പികളായ റോബർട്ട് മുസുമെസി എന്നിവരിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് അവർ വ്യക്തമാക്കി. അപ്പീൽ നിലനിൽക്കെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു.

പൊതുതെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ലേബർ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് യോഗത്തിലാണ്, ആദ്യ 100 ദിവസത്തിനുള്ളിൽ ആസൂത്രണ അപ്പീൽ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അബേല വാഗ്ദാനം ചെയ്തത്. ആസൂത്രണ മേഖലയിൽ എല്ലാവർക്കും തുല്യമായ നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, അപ്പീൽ നിലനിൽക്കെ ഒരു വികസന പ്രവർത്തനവും തുടങ്ങാൻ അനുവദിക്കാത്ത തരത്തിലുള്ള നിയമനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button