കേരളം

ഇടുക്കി തടാകത്തില്‍ 365 ദിവസവും ബോട്ട് സവാരി നടത്തി കാനന കാഴ്ചകള്‍ ആസ്വദിക്കാൻ അവസരവുമായി വനംവകുപ്പ്

കട്ടപ്പന : ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികള്‍ക്ക് മനോഹരമായ ഇടുക്കി തടാകത്തില്‍ ബോട്ട് സവാരി നടത്താന്‍ വര്‍ഷത്തില്‍ 365 ദിവസവും അവസരം. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് വനംവകുപ്പ് ബോട്ടിങ് ക്രമീകരിച്ചിരിക്കുന്നത്. 2015 മുതല്‍ പദ്ധതി നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം കിട്ടാത്തതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നു വൈല്‍ഡ് ലൈഫ് സാങ്ച്വറി അധികൃതര്‍ പറയുന്നു.

മുതിര്‍ന്നവര്‍ക്ക് 178 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാ സമയം. പതിനെട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോള്‍ നിലവിലുള്ളത്. വെള്ളാപ്പാറ ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ ബോട്ടു ജീവനക്കാരും യാത്രികര്‍ക്കൊപ്പമുണ്ടാകും. ആന ഉള്‍പ്പെടെയുള്ള വന്യ ജീവികളെയും യാത്രയ്ക്കിടയില്‍ കാണാനാകും.

ഈ സീസണില്‍ നിരവധി സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും അധികൃതര്‍ പറയുന്നു. പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കു എതിര്‍ വശത്തുള്ള കൗണ്ടറില്‍ നിന്നു ടിക്കറ്റെടുത്തു ബോട്ട് ജെട്ടിയില്‍ എത്തി സവാരി ആരംഭിക്കാം. ഇടുക്കി അണക്കെട്ട് സഞ്ചാരികള്‍ക്കായി തുറന്നതോടെയാണ് തടാകത്തിലെ ബോട്ട് സവാരിക്കും തിരക്കേറിയത്. അണക്കെട്ടുകള്‍ കണ്ട് മടങ്ങുന്നവര്‍ ഇടുക്കി തടാകത്തില്‍ വനം വകുപ്പ് നടത്തുന്ന ബോട്ടിങ്ങിനു കൂടി സമയം കണ്ടെത്തുന്നുണ്ട്. നാട്ടുകാര്‍ക്ക് പുറമേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് സന്ദര്‍ശകരെത്തുന്നുണ്ട്. സ്‌കൂള്‍ അവധിക്കാലമായിരുന്നതിനാല്‍ പല ദിവസങ്ങളിലും പരിധിയില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button