കോതമംഗലത്തിന് സമീപം ദേശീയപാതയിൽ വാഹനാപകടം; എട്ട് പേർക്ക് പരുക്ക്

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരുക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്, ഇടുക്കി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന ഇടുക്കി സ്വദേശി സാബുവിനും, ഭാര്യക്കും, മകൾക്കും പരുക്കേറ്റു.
ടാറ്റാ എയ്സിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ സാബുവിനെയും ഭാര്യയെയും മകളെയും ആദ്യം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സ നൽകി.



