കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർത്ഥിനികൾ മരിച്ചു; 79 പേർക്ക് പരിക്ക്

നെയ്റോബി : മധ്യ കെനിയയിലെ നകുരു കൗണ്ടിയിലുള്ള പ്രശസ്തമായ ബോർഡിംഗ് സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 16 വിദ്യാർത്ഥിനികൾ ദാരുണമായി കൊല്ലപ്പെട്ടു. ഗിൽഗിൽ പ്രദേശത്തെ ഉതുമിഷി ഗേൾസ് അക്കാദമിയിലാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. അപകടത്തിൽ 79 വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ദുരന്തത്തിന് കാരണമായ തീപിടിത്തമുണ്ടായത്. ഏകദേശം 220 ഓളം വിദ്യാർത്ഥിനികൾ ഉറങ്ങിക്കിടന്ന ഡോർമിറ്ററി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ കെട്ടിടത്തിലാകെ പടർന്നുപിടിക്കുകയായിരുന്നു. കുട്ടികൾ ഉറക്കത്തിലായിരുന്നതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കാതെ വന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
കെട്ടിടത്തിനുള്ളിൽ തീ പടർന്നതോടെ പരിഭ്രാന്തരായ കുട്ടികൾ രക്ഷപ്പെടാനായി മുകൾ നിലകളിൽ നിന്നും താഴേക്ക് ചാടി. ഇങ്ങനെ ചാടിയ പല കുട്ടികൾക്കും എല്ലിന് പൊട്ടലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീയണക്കാൻ സാധിച്ചതെന്ന് കെനിയൻ റെഡ് ക്രോസ് അറിയിച്ചു. പരിക്കേറ്റ 79 കുട്ടികളെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 71 കുട്ടികൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും, പരിക്കേറ്റ 7 കുട്ടികൾ നിലവിൽ ആശുപത്രിയിൽ തുടരുന്നതായും കെനിയൻ വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ വ്യക്തമാക്കി.
തീപിടിത്തത്തിനിടയിൽ ഒട്ടനവധി കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് ഓടിപ്പോയിരുന്നു. ഇവരെ കണ്ടെത്താനായി പൊലീസ് സ്കൂളിൽ കുട്ടികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തിവരികയാണ്.ക്രമസമാധാനപാലനത്തിനായി സ്കൂൾ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സ്കൂളിൽ കൃത്യമായ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ സ്കൂൾ താൽക്കാലികമായി അടച്ചിടാനും കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ ഇത്തരം തീപിടിത്തങ്ങൾ പതിവ് വാർത്തയായി മാറുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024-ൽ മാത്രം നൂറിലധികം സ്കൂൾ തീപിടിത്തങ്ങളാണ് കെനിയയിൽ റിപ്പോർട്ട് ചെയ്തത്. ഹോസ്റ്റലുകളിലെ അമിതമായ തിരക്ക്, അടിയന്തര ഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള വാതിലുകൾ പൂട്ടിയിടുന്നത്, ജനലുകളിൽ കമ്പികൾ അടിച്ചുറപ്പിക്കുന്നത് എന്നിവയാണ് ഇത്തരം ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നത്. കൂടാതെ, സ്കൂൾ അധികൃതരുടെ കർശനമായ അച്ചടക്ക നടപടികളിലും മോശം ജീവിതസാഹചര്യങ്ങളിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തന്നെ ഹോസ്റ്റലുകൾക്ക് തീയിടുന്ന സംഭവങ്ങളും മുൻപ് കെനിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



