അന്തർദേശീയം

വീണ്ടും യുഎസ് ആക്രമണം; ഡ്രോൺ വീഴ്‌ത്തി ഇറാന്‍

തെഹ്റാൻ : സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കവേ, പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്‌ത്തി ഇറാനിൽ യുഎസ് ആക്രമണം. തെക്കൻ മേഖലയിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, അത്യാധുനിക യുഎസ് റീപ്പർ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തി.

തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളും ലക്ഷ്യമിട്ട് നടത്തിയ ‘സ്വയംപ്രതിരോധ’ ആക്രമണമാണിതെന്നാണ് യുഎസ് സതേൺ കമാൻഡിന്റെ വാദം.

യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധികൾ ഖത്തറിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത സൈനികനീക്കം. ഹിസ്ബുള്ളയുമായി യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ലെബനനിൽ ആക്രമണം ശക്തമാക്കാൻ ഉത്തരവിട്ടത്‌ പശ്ചിമേഷ്യയിൽ പ്രതിസന്ധി കൂടുതൽ വഷളാക്കി. മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകളും ലക്ഷ്യമിട്ട് നടത്തിയ പ്രതിരോധ നടപടി മാത്രമായിരുന്നു ഇതെന്നാണ് യുഎസ് സൈന്യത്തിന്റെ വാദം. വെടിനിർത്തൽ കണക്കിലെടുത്ത് അതീവ നിയന്ത്രണത്തോടെയാണ് പ്രവർത്തിച്ചതെന്നും യുഎസ് അവകാശപ്പെട്ടു. വ്യോമാതിർത്തി ലംഘിച്ച യുഎസ് ഡ്രോണുകളും ഒരു പോർവിമാനവും വെടിവച്ചിട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തി.

ഏപ്രിൽ ഏഴിനു നിലവിൽവന്ന താൽക്കാലിക വെടിനിർത്തൽക്കരാറിനെ തുടർന്നുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഖത്തർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎസ്‌ ആക്രമണമുണ്ടായത്. ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉടന്പടിക്ക്‌ തൊട്ടരികിൽ എത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഇടപെട്ട്‌ സമധാനീക്കം അട്ടിമറിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ട്രംപ് പുതിയ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ യുഎസ്–-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഹോർമുസ്‌ കടലിടുക്ക് അടച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായി. -ആഗോളതലത്തിൽ വളംവിതരണത്തെ ബാധിച്ചതായും ഇത് ലോക ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന മുന്നറിയിപ്പ് നൽകി. യുഎസ് ഏർപ്പെടുത്തിയ തുറമുഖ ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

വഞ്ചന: ഇറാൻ

പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെ, യുഎസ് നടത്തിയ വ്യോമാക്രമണം കടുത്ത വിശ്വാസവഞ്ചനയാണെന്ന് ഇറാൻ. തെക്കൻ ഇറാനിൽ യുഎസ് നടത്തിയ ബോംബാക്രമണം വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ്‌. ഇതിന്റെ എല്ലാ പ്രത്യാഘാതങ്ങൾക്കും അമേരിക്ക മാത്രമായിരിക്കും ഉത്തരവാദി. ഒരു ആക്രമണവും തങ്ങൾ മറുപടി നൽകാതെ വിടില്ലെന്നും ഇറാൻ വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ 7 മരണം

ഗാസ സിറ്റി : താൽക്കാലികവെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഏഴ് പലസ്തീൻകാർ കൊല്ലപ്പെട്ടു. ബക്രീദ് വേളയിലാണ് ഗാസയിൽ ഇസ്രയേൽ വീണ്ടും കൂട്ടക്കൊല നടത്തിയത്. മധ്യ ഗാസയിലെ മഗാസി അഭയാർത്ഥിക്യാമ്പിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്രയേൽ അനുകൂല സായുധസംഘത്തെ പ്രതിരോധിച്ച പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഒക്ടോബറിൽ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ നിലവിൽവന്നശേഷം മാത്രം ഇസ്രയേൽ ആയിരത്തോളം പലസ്‍തീൻകാരെ കൊലപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button