എവറസ്റ്റ് കയറ്റത്തിൽ റെക്കോർഡ്; ഒറ്റ ദിവസം കൊടുമുടി കയറിയത് 274 പർവതാരോഹകർ

കാഠ്മണ്ഡു : ഉയരത്തിന്റെ റെക്കോർഡുകൾക്കൊപ്പം എവറസ്റ്റിന് മറ്റൊരു റെക്കോർഡ് നേട്ടംകൂടി. ഒറ്റദിവസം ഏറ്റവും കൂടുതൽപേർ എവറസ്റ്റ് കയറിയതിന്റെ റെക്കോർഡാണ് ഇത്തവണത്തെ സീസൺ കൈക്കലാക്കിയത്. ബുധനാഴ്ച നേപ്പാൾ വഴി 274 പേർ എവറസ്റ്റ് കയറി റെക്കോർഡ് നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ട്.
ഈ വർഷം വസന്തകാലം വളരെ വൈകി ആരംഭിച്ചതിനാൽ വലിയ ഹിമപാളികൾ കാരണം എവറസ്റ്റ് യാത്രകളും വൈകിയിരുന്നു. ബുധനാഴ്ച നല്ല കാലാവസ്ഥയായിരുന്നെന്നും അത് മുതലെടുത്ത് കൂടുതൽ പേരെ എവറസ്റ്റ് കയറാൻ അനുവദിച്ചതായും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ ഖിംലാൽ ഗൗതം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിക്ക് ആരംഭിച്ച കയറ്റം 11 മണിക്കൂർ നീണ്ടുനിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2019 മെയ് 22ന് നേപ്പാളിലെ തെക്ക് ഭാഗത്തുനിന്ന് 223 പർവതാരോഹകർ എവറസ്റ്റ് കയറിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അതാണ് ഇത്തവണ തകർന്നത്.
ഈ വർഷം ഏകദേശം 500 വിദേശ പർവതാരോഹകർക്ക് എവറസ്റ്റിന്റെ ഏറ്റവും മുകളിലേക്കുള്ള യാത്രക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം തിരക്ക് കൂടുന്നത് അപകട സാധ്യത കൂടാൻ ഇടയാകുമെന്ന വെല്ലുവിളിയും നിലനിൽക്കുന്നു. എവറസ്റ്റ് കയറാൻ പ്രത്യേക പെർമിറ്റ് ആവശ്യമില്ലാത്ത നേപ്പാൾ ഗൈഡുകൾക്കൊപ്പവും പല പർവതാരോഹകരും എവറസ്റ്റിലേക്ക് കയറുന്നതായാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് കുറഞ്ഞത് 8,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ ഭാഗമായ ‘ഡെത്ത് സോൺ’ എന്നറിയപ്പെടുന്ന മഞ്ഞുമൂടിയ ചരിവുകളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന പർവതാരോഹകരുടെ നീണ്ട നിരയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ഉയരത്തിൽ മിക്ക പർവതാരോഹകരും ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പർവതനിരയിലേക്കുള്ള വിനോദസഞ്ചാരം പെർമിറ്റ് ഫീസിൽ വർധന വരുത്തിയിട്ടും കുതിച്ചുയരുകയാണ്. തിരക്ക് അപകടസാധ്യതകൾ കൂട്ടുമെന്ന് പറയുമ്പോഴും അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സംഘാടകർ പറയുന്നത്.
കഴിഞ്ഞയാഴ്ച കൊടുമുടിയിലെത്തിയവരിൽ പരിചയസമ്പന്നരായ പർവതാരോഹകരും ആദ്യമായി എവറസ്റ്റ് കയറുന്നവരും ഉൾപ്പെട്ടിരുന്നു. ഞായറാഴ്ച, പ്രശസ്ത നേപ്പാളി ഗൈഡ് കാമി റീത്ത ഷെർപ്പ 32ാം തവണയും എവറസ്റ്റ് കീഴടക്കി. ഏറ്റവും കൂടുതൽ കൊടുമുടികൾ കീഴടക്കിയതിന്റെ സ്വന്തം ലോക റെക്കോർഡ് ആണ് അവർ തകർത്തത്. അതേസമയം ഈ സീസണിൽ എവറസ്റ്റ് കയറ്റത്തിനിടെ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



