ഇറാൻ യുദ്ധത്തിൽ യുഎസിന് വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.

വാഷിങ്‌ടൺ ഡിസി : ഇറാനുമായി തുടക്കമിട്ട യുദ്ധത്തിൽ അമേരിക്കക്ക് വൻ നാശനഷ്ടം സംഭവിച്ചതായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഔദ്യോഗിക റിപ്പോർട്ട്. യുദ്ധവിമാനങ്ങളും അത്യാധുനിക ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുഎസ് പോർവിമാനങ്ങളാണ് ഇറാൻ യുദ്ധത്തിൽ തകർന്നത്. നിലവിലുള്ള യുദ്ധസാഹചര്യത്തിൽ നാശനഷ്ടം ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനികനീക്കത്തിന് ഇതിനകം 2900 കോടി ഡോളർ (ഏകദേശം 2.40 ലക്ഷം കോടി രൂപ) ചെലവ് വന്നതായി പെന്റഗൺ വെളിപ്പെടുത്തി. തകർന്ന സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പകരം സംവിധാനങ്ങൾക്കുമായാണ് തുകയിൽ ഭൂരിഭാഗവും ചെലവഴിച്ചതെന്ന് പെന്റഗൺ ഫിനാൻസ് മേധാവി ജൂൾസ് ഹർസ്റ്റ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
യുഎസ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, വാർത്താ റിപ്പോർട്ടുകളും സെൻട്രൽ കമാൻഡിന്റെ പ്രസ്താവനകളും വിശകലനം ചെയ്താണ് സിആർഎസ് റിപ്പോർട്ട് തയ്യാറാക്കിയത്.
യുഎസ് കോൺഗ്രസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്റെ വിദേശമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ലോകം ഏറെ പുകഴ്ത്തിയ അമേരിക്കയുടെ എഫ്-35 യുദ്ധവിമാനം ആദ്യമായി വെടിവെച്ചിട്ടത് ഇറാന്റെ സായുധസേനയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും ഇറാനുനേരെ സൈനിക നീക്കത്തിന് മുതിർന്നാൽ ഇതിലും വലിയ ‘സർപ്രൈസുകൾ’ യുഎസ് സൈന്യത്തെ കാത്തിരിപ്പുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.



