അന്തർദേശീയം

റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ശക്തമായ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

മോസ്കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ശക്തമാകുന്നതിനിടെ മോസ്കോ മേഖലയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മറ്റ് മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഞായറാഴ്ച ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്.

ശനിയാഴ്ച രാത്രി മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അപകടമുണ്ടായത്. ആക്രമണത്തിൽ ആകെ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കിയിരുന്നില്ല. തുടർന്നാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് എംബസി സ്ഥിരീകരിച്ചത്.

ആക്രമണം നടന്ന സ്ഥലം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായും തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി മാനേജ്‌മെന്റുമായും ചേർന്ന് എംബസി പ്രവർത്തിച്ചുവരികയാണ്. മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി.

സമീപകാലത്ത് റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ വീണ്ടും കടുത്തതോടെ മേഖലയിലെ വിദേശ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയിൽ ആശങ്കയേറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button