ഹന്‍റാ വൈറസ് ഭീതിയിൽ ട്രിസ്റ്റൻ ഡാ കുൻഹ ദ്വീപ്; ചരിത്ര ദൗത്യവുമായി പാരച്യൂട്ട് വഴി പറന്നിറങ്ങി ബ്രിട്ടണിലെ ഡോക്ടർമാർ

ലണ്ടൻ : ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജനവാസ കേന്ദ്രമായ ട്രിസ്റ്റൻ ഡാ കുൻഹ ദ്വീപിൽ മാരകമായ ‘ഹന്‍റാ വൈറസ്’ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. അടിയന്തര സാഹചര്യത്തെത്തുടർന്ന് ബ്രിട്ടീഷ് പാരാട്രൂപ്പുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദ്വീപിൽ വിമാനമാർഗ്ഗം ഇറങ്ങി. ബ്രിട്ടീഷ് വ്യോമസേനയുടെ പാരച്യൂട്ട് റെജിമെന്‍റും മെഡിക്കൽ വിദഗ്ധരും വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ചാടിയാണ് ദ്വീപിലേക്ക് പറന്നിറങ്ങിയത്. ബ്രിട്ടീഷ് സൈന്യത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ജീവകാരുണ്യ പ്രവർത്തനത്തിനായി മെഡിക്കൽ സംഘം പാരച്യൂട്ട് വഴിയുള്ള നീക്കങ്ങൾക്ക് തയ്യാറാകുന്നത്.
ദ്വീപിലെ ജനങ്ങളിൽ അസാധാരണമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പനിയും പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മെഡിക്കൽ സംഘം ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം തേടിയത്. എലികളിലൂടെ പകരുന്ന ഹന്‍റാ വൈറസാണ് രോഗകാരണമെന്ന് ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, ദ്വീപിലെ പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മുഖവിലക്കെടുത്തുകൊണ്ടാണ് സൈനിക മെഡിക്കൽ സംഘം അവിടേക്കെത്തിയത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏകദേശം 2,400 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് കപ്പൽ മാർഗ്ഗം എത്താൻ ദിവസങ്ങൾ എടുക്കും. ഇക്കാരണത്താൽ, സൈനിക വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമായി സൈന്യം ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയുക, രോഗികൾക്ക് അടിയന്തരമായ ചികിത്സ ഉറപ്പുവരുത്തുക, വൈറസ് സ്ഥിരീകരിക്കാൻ ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുകയെന്നതാണ് സംഘത്തിന്‍റെ ലക്ഷ്യം. കേവലം മുന്നോറോളം പേർ മാത്രം ജനസംഖ്യയുടെ കൊച്ചുദ്വീപിൽ രോഗം പടർന്നുപിടിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം കാണുന്നത്.



