യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം; മൂവായിരത്തിലധികം മരണം

പാരീസ് : യൂറോപ്പിലുടനീളം കടുത്ത ചൂടിന് കാരണമായ ഉഷ്ണതരംഗത്തിനിടയിൽ ഫ്രാൻസ്, നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങളിലായി 3,700ലധികം ആളുകൾ മരണപ്പെട്ടതായി കണക്കുകൾ. ഇത് പ്രാഥമിക വിവരങ്ങൾ മാത്രമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജൂൺ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ അനുഭവപ്പെട്ട ഉഷ്ണതരംഗം യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും രൂക്ഷമായതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ ഉഷ്ണതരം​ഗം വൈദ്യുതോൽപാദനം തടസപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ആരോഗ്യ പരിപാലന സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. കടുത്ത ചൂടിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു.

ഉഷ്ണതരംഗത്തിനിടയിൽ ഫ്രാൻസിൽ മാത്രം 2,025 അധിക മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 45 വയസ്സിന് മുകളിലുള്ളവരുടെ മരണനിരക്കിലാണ് വലിയ വർധനവുണ്ടായതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്റ്റെഫാനി റിസ്റ്റ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. മുൻപത്തെ ആഴ്ചയെ അപേക്ഷിച്ച് ജൂൺ 22 മുതൽ 28 വരെ കാലയളവിൽ വീടുകളിൽ വെച്ചുള്ള മരണങ്ങൾ 91 ശതമാനം വർധിച്ചു. നഴ്‌സിംഗ് ഹോമുകളിലെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെയും മരണനിരക്കിലും വർധനവുണ്ടായതായി പൊതുജനാരോഗ്യ അതോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.

ബെൽജിയത്തിൽ ജൂൺ 18 നും ജൂൺ 29 നും ഇടയിൽ 1,200 ഓളം മരണങ്ങൾ ‌രേഖപ്പെടുത്തിയതായി വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 530 പേരും 85 വയസോ അതിൽ കൂടുതൽ പ്രായമുള്ളവരോ ആണ്. 180 പേർ 65 വയസിന് താഴെയുള്ളവരാണ്.

ഉഷ്ണതരംഗത്തിനിടയിൽ ഇത്രയധികം ആളുകൾ അധികമായി മരണപ്പെടുന്നത് രാജ്യത്ത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത കാര്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നെതർലാൻഡ്‌സിലെ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ഉഷ്ണതരംഗത്തെ തുടർന്ന് ഏകദേശം 480 അധിക മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലധികവും 80 വയസിന് മുകളിൽ പ്രായമുള്ളവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button