യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹൻ്റാ വൈറസ് : ഡച്ച് ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാരും സുരക്ഷിതര്‍; ക്വാറൻ്റീനില്‍ പ്രവേശിച്ചു

മാഡ്രിഡ് : മാരകമായ ഹൻ്റാ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു യാത്രക്കാര്‍ മരിച്ച എംവി ഹോണ്‍ഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പല്‍ സ്പെയിനിന് കീഴിലെ കാനറി ദ്വീപില്‍ നങ്കൂരമിട്ടു. ഇന്ത്യക്കാരായ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് കപ്പലിലുണ്ടായിരുന്നത്. അഞ്ച് മുതല്‍ പത്ത് വരെ ആളുകളെ വഹിക്കാവുന്ന ചെറിയ ലോഞ്ച് ബോട്ടുകളിലാണ് കപ്പലില്‍ നിന്ന് ആളുകളെ തീരത്തേക്ക് എത്തിക്കുന്നത്. ഇവിടെ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരെ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ച് സ്വദേശങ്ങളിലേക്ക് അയക്കുകയാണ്.

കപ്പലിലെ രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് സ്‌പെയിനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. കപ്പല്‍ ജീവനക്കാരായ ഇവരെ നെതര്‍ലന്‍ഡ്സില്‍ എത്തിച്ച് ക്വാറന്റീനിലേക്ക് മാറ്റിയിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് മറ്റ് യാത്രികരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത്.

ഫ്രഞ്ച് സ്വദേശിയായ ഒരു യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം സ്വദേശത്തേക്ക് മടങ്ങിയ മറ്റ് അഞ്ച് യാത്രക്കാരെയും സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്. മറ്റാര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് അധികൃതര്‍, ലോകാരോഗ്യ സംഘടന, ക്രൂയിസ് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് എന്നിവര്‍ പറഞ്ഞു.

മെയ് ഒന്നിനാണ് 24 ദിവസം നീളുന്ന അറ്റ്‌ലാന്റിക് ഒഡീസി എന്ന യാത്രക്കായി അര്‍ജന്റീനയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. കപ്പലിലെ സഞ്ചാരികളായിരുന്ന 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികള്‍ക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവര്‍ ഈവര്‍ഷമാദ്യം തെക്കേ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നടത്തിയ യാത്രകള്‍ക്കിടെയാകാം ചെറുജീവികളില്‍ നിന്ന് ഹന്റാ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ എം.വി ഹോണ്‍ഡിയസ് കപ്പലില്‍ അര്‍ജന്റീനയില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്. ഏപ്രില്‍ 11നാണ് ദമ്പതികളിലെ ഭര്‍ത്താവ് വൈറസ് ബാധയെത്തുടര്‍ന്ന് കപ്പലില്‍ മരിച്ചത്.

വൈറസ് ബാധ തിരിച്ചറിയുന്നതിന് മുമ്പ് ഏപ്രില്‍ 24ന് ആഫ്രിക്കന്‍ തീരത്തെ സെന്റ് ഹെലേന ദ്വീപില്‍ എത്തിയ കപ്പലില്‍ നിന്ന് 29 യാത്രികര്‍ ഇറങ്ങുകയും പലരും സ്വദേശത്തേക്ക് വിമാനങ്ങളില്‍ മടങ്ങുകയും ചെയ്തിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോള്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ കൂടുതല്‍ യാത്രക്കാര്‍ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.

കപ്പലില്‍ യാത്ര ചെയ്ത ശേഷം സ്വദേശത്തേക്ക് മടങ്ങിയ മറ്റൊരു യാത്രക്കാരി ഏപ്രില്‍ 26നാണ് വിമാനയാത്രയ്ക്കിടെ രോഗബാധിതനായി മരിച്ചത്. മെയ് രണ്ടിന് കപ്പലില്‍ മൂന്നാമത്തെ മരണവും സംഭവിച്ചു. ജര്‍മന്‍ പൗരനാണ് മരിച്ചത്. തുടര്‍ന്നാണ് കപ്പല്‍ കാനറി ദ്വീപിലടുപ്പിക്കാന്‍ തീരുമാനമായത്. ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചകളിലാണ് കപ്പല്‍ കാനറി ദ്വീപില്‍ അടുപ്പിക്കാന്‍ തീരുമാനമായത്. ഇവിടെ യാത്രികര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button