വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ; യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

ദുബായ് : യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ഉണ്ടായ ആക്രമണത്തിൽ ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. ഹോർമുസ് കടലിടുക്ക് ഇറാൻ താൽക്കാലികമായി അടച്ചതിന് പിന്നാലെയാണ് ആക്രമണം.
തെക്കൻ ഇറാനിലെ 140ലധികം സൈനിക താവളങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് തിരിച്ചടി. ഇറാന്റെ വെടിമരുന്ന് സംഭരണശാലകൾ, നാവിക ആസ്തികൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി യുഎസ് വ്യക്തമാക്കി. ഖത്തറിൽ തകർത്തു വീണ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇക്ക് നേരെയെത്തിയ മിസൈലുകൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം അതിർത്തിക്ക് പുറത്തുവെച്ച് തന്നെ വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ വ്യക്തമാക്കി. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിൽ ഞായറാഴ്ച മൂന്നാമത്തെ മിസൈൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കുവൈത്ത് സൈന്യവും അതിർത്തി കടന്നെത്തിയ മിസൈലുകൾ പ്രതിരോധിച്ചതായി അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒമാന്റെ മുസന്ദം ഗവർണറേറ്റിലെ വിവിധ ഇടങ്ങളിലും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിലെ കമാൻഡ് സെന്ററും ഡ്രോൺ ഹാങ്കറുകളും തകർത്തതായും കുവൈത്തിലെ യുഎസ് റഡാർ കേന്ദ്രം ആക്രമിച്ചതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. എന്നാൽ മൂന്ന് ഇറാനിയൻ മിസൈലുകൾ തങ്ങളുടെ രാജ്യത്ത് പതിച്ചെങ്കിലും ആളപായമൊന്നുമില്ലെന്ന് ജോർദാൻ അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചത്. വലിയ രീതിയിലുള്ള സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിലുള്ള സാങ്കേതിക-നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.



