അന്തർദേശീയം

കാനഡയിലെ ദമ്പതി കൊലപാതകക്കേസ്; മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി

ബ്രിട്ടീഷ് കൊളംബിയ : കാനഡയിൽ കൊലപാതകക്കേസിൽ ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി. ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തിൽ മൂവ‍രുടെ പങ്ക് തെളിഞ്ഞതായി കോടതി ഉത്തരവിട്ടു. ദമ്പതികളായ അർനോൾഡ് ഡി ജോങ് (77), ജോവന്നെ ഡി ജോങ് (76) എന്നിവരുടെ കൊലപാതകത്തിലാണ് കോടതി വിധി. കവ‍ർച്ചയ്ക്കിടെ ആണ് കൊലപാതകം നടന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2022 മെയ് മാസം അബോട്ട്സ്ഫോർഡിലെ വസതിയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ മൂന്നുപേരും ചേർന്ന് കവർച്ച നടത്താനും ദമ്പതികളെ കൊലപ്പെടുത്താനും ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ക്രെഡിറ്റ് കാർഡുകൾ, ചെക്കുകൾ, പവർ വാഷർ എന്നിവ വീട്ടിൽനിന്ന് മോഷ്ടിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പണം ലക്ഷ്യമിട്ടാണ് കൊലപാതകം നടന്നതെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി ശരിവെച്ചു.

അഭിജീത്ത് സിങ്ങിൻ്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു മൂന്നുപേരും. കൊലപാതകത്തിന് മുൻപ് ഇവ‍ർ‍ അർനോൾഡിൻ്റെ വസതിയിൽ ജോലിക്ക് പോയിരുന്നു. ദമ്പതികളെ രണ്ട് മുറികളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർനോൾഡിനെ തലയും മുഖവും ടേപ്പ് കൊണ്ട് ചുറ്റിയ നിലയിലും ജോവന്നയെ രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും കൈകാലുകൾ കയർ ഉപയോ​ഗിച്ച് കെട്ടിയ നിലയിലുമായിരുന്നു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്.

സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച ഡിഎൻഎ സാംപിൾ, ദമ്പതികളെ കെട്ടാൻ ഉപയോ​ഗിച്ച കയർ തുടങ്ങിയ പ്രോസിക്യൂഷൻ ശേഖരിച്ച സാഹചര്യ തെളിവുകളാണ് പ്രതികൾക്ക് കുരുക്കായത്. കൊലപാതകത്തെക്കുറിച്ചുള്ള മാധ്യമവാ‍ർത്തകൾ വായിച്ച ശേഷം കാനഡയിൽ കൊലക്കേസുകൾക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് അഭിജീത്ത് സിങ് ഇൻ്റ‍‌ർനെറ്റിൽ നടത്തിയ തെരച്ചിലുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്കെതിരായ ശിക്ഷ മെയ് 28ന് വിധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button