അന്തർദേശീയം

ഹോർമുസ് കടലിടുക്ക് മോചിപ്പിക്കാനുള്ള ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് പദ്ധതി താല്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും പ്രൊജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് അറിയിച്ചു. ഇറാനും യുഎസും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.

ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചകൾ പിന്നീടും തുടർന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരായ ആക്രമണം ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ പൂര്‍ത്തിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു.

ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് തുറക്കാന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം കൊണ്ടുവരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button