ഫിലിപ്പീൻസിൽ സൈനിക നടപടി; 19 പേർ കൊല്ലപ്പെട്ടു

മനില : ഫിലിപ്പീൻസിലെ നെഗ്രോസ് ഒക്സിഡന്റൽ പ്രവിശ്യയിലുണ്ടായ സൈനിക നടപടിയിൽ 19 പേർ കൊല്ലപ്പെട്ടു. ഏകദേശം 12 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരിൽ രണ്ട് യുഎസ് പൗരന്മാരും വിദ്യാർത്ഥി നേതാക്കളും പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നു. കലാപ വിരുദ്ധ ഓപ്പറേഷൻ നടത്തുകയാണെന്നും കൊല്ലപ്പെട്ടവർ ആയുധധാരികളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസുമായി (സിപിപി) ബന്ധപ്പെട്ട നിരോധിത സായുധ ഗ്രൂപ്പായ ന്യൂ പീപ്പിൾസ് ആർമി (എൻപിഎ)യിലെ അംഗങ്ങളുമാണെന്നാണ് സായുധ സേന അവകാശപ്പെടുന്നത്.
കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് ഒമ്പത് പേരെങ്കിലും പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, കമ്മ്യൂണിറ്റി ഗവേഷകർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാധാരണക്കാരാണെന്നും അല്ലെങ്കിൽ പ്രദേശവാസികളും പ്രായപൂർത്തിയാകാത്തവരാണെന്നും ആസിയാൻ പാർലമെന്റേറിയൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് (എപിഎച്ച്ആർ) വ്യക്തമാക്കി. കൊലപാതകങ്ങളെ “ഗുരുതരമായ മനുഷ്യാവകാശ ലംഘനം” എന്ന് എപിഎച്ച്ആർ വിശേഷിപ്പിച്ചു.
ലൈൽ പ്രിജോൾസ്, കൈ ഡാന‑റെനെ സോറം എന്നിവരാണ് മരിച്ച യുഎസ് പൗരന്മാര്. പത്രപ്രവർത്തകൻ ആർജെ ലെഡെസ്മ, വിദ്യാർത്ഥി പ്രവർത്തകരായ അലിസ്സ അലാനോ, മൗറീൻ സാന്റുയോ, എറോൾ വെൻഡൽ എന്നിവരും മരിച്ചു. എല്ലാത്തരം വിയോജിപ്പുകളും “കമ്മ്യൂണിസ്റ്റ് അനുഭാവികൾ” എന്ന് മുദ്രകുത്തി ഇല്ലാതാക്കാനുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ശ്രമങ്ങളുടെ മറ്റൊരു പ്രകടനമായാണ് ടൊബോസോയിലെ കൊലപാതകങ്ങളെ എപിഎച്ച്ആര് വിശേഷിപ്പിച്ചത്.



