പുടിൻ- അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച; ഇറാന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിൻ

മോസ്‌കോ : പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് പുടിന്‍ വാഗ്ദാനംചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇടപെടുമെന്നും പുടിന്‍ പറഞ്ഞു.
ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ഇറാന്‍ ജനത കടന്നുപോകുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കുമെന്നും, എത്രയും വേഗം സമാധാനം പുലരുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയില്‍ നിന്ന് സന്ദേശം ലഭിച്ചു. ഇറാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളെ റഷ്യ പിന്തുണയ്ക്കും. പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പുടിന്‍ പറഞ്ഞു.
ഇറാനിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി എത്ര ധൈര്യത്തോടെയാണ് പോരാടുന്നത് എന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചതായി ടാസ് (TASS) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനെപ്പോലെ തന്നെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കൻ നിലപാടുകളാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിൽ എത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിൽ വിശാല കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാനിലും ഒമാനിലും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സന്ദർശനം നടത്തിയിരുന്നു. അതിനിടെ, മേഖലയിൽ സമാധാനത്തിനായി ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുകയാണ്.



