അൾജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് തുടക്കം

അൽജിയേഴ്സ് : തന്റെ ആഫ്രിക്കൻ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ അൾജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. മോസ്ക് റെക്ടർ മുഹമ്മദ് മഅ്മൂൻ അൽ ഖാസിം മാർപാപ്പയെ സ്വീകരിച്ചു. ”ദൈവത്തിന്റേതായ ഈ പവിത്രമായ ഇടത്ത് വരാൻ കഴിഞ്ഞതിലും നിങ്ങളുടെ സ്നേഹവാക്കുകൾക്കും നന്ദിയുണ്ട്. സ്രഷ്ടാവിനെ തിരയുന്നവർ ഒത്തുചേരുന്ന ഇടമാണിത്”- മാർപാപ്പ പറഞ്ഞു. വിശുദ്ധ അഗസ്റ്റിന്റെ നാടെന്ന നിലയിൽ അൾജീരിയയുമായുള്ള തന്റെ ആത്മീയ ബന്ധത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. സത്യത്തിനായുള്ള അന്വേഷണം, മാനുഷിക മര്യാദകൾ അംഗീകരിക്കൽ, സമാധാനം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.
ഓരോ മനുഷ്യരിലും ദൈവത്തിന്റെ രൂപം ദർശിക്കണമെന്നും അത് പരസ്പര ബഹുമാനത്തിലേക്കും സഹവർത്തിത്വത്തിലേക്കും നയിക്കുമെന്നും മാർപാപ്പ പറഞ്ഞു. ആരാധനാലയം എന്നതിലുപരി അറിവിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രം കൂടിയാണ് ഈ മസ്ജിദെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൾജീരിയൻ ജനതയ്ക്കും ലോകരാഷ്ട്രങ്ങൾക്കും വേണ്ടി പ്രാർഥിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം സമാധാനവും ക്ഷമയും വളരട്ടെയെന്ന് ആശംസിച്ചു.
കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, അൾജിയേഴ്സ് ആർച്ച് ബിഷപ്പ് ജീൻ പോൾ വെസ്കോ എന്നിവരും മാർപാപ്പയെ അനുഗമിച്ചു. പള്ളി സന്ദർശിച്ച ശേഷം വിശിഷ്ടാതിഥികൾക്കായുള്ള പുസ്തകത്തിൽ പോപ്പ് ഒപ്പുവെച്ചു.
അൾജീരിയയുടെ മുൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബൗട്ടെഫ്ലിക്കയുടെ കാഴ്ചപ്പാടിൽ നിർമിക്കപ്പെട്ട ഗ്രാൻഡ് മോസ്ക് ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലിം പള്ളിയാണ്. 1.2 ലക്ഷം പേരെ ഒരേസമയം ഇവിടെ ഉൾക്കൊള്ളാൻ സാധിക്കും. ലോകത്തിലെ ഏറ്റവും ഉയരമുള്ള മിനാരം ഈ പള്ളിയുടേതാണ്. 267 മീറ്ററാണ് ഇതിന്റെ ഉയരം. പള്ളിക്ക് പുറമെ ലൈബ്രറി, ഗവേഷണ കേന്ദ്രം, മ്യൂസിയങ്ങൾ, ഗാർഡനുകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഈ സമുച്ചയത്തിലുണ്ട്. പരമ്പരാഗത അറബ് ശൈലിയും ആധുനിക നിർമാണരീതിയും ഒത്തുചേരുന്ന ഈ മസ്ജിദ് അൾജീരിയയുടെ മതപരവും സാംസ്കാരികവുമായ അടയാളമായി നിലകൊള്ളുന്നു.



