അന്തർദേശീയം

ഇറാന്‍ യുദ്ധം : ആഗോള ഊര്‍ജ പ്രതിസന്ധി അവസരമാക്കി ചൈന

ബെയ്ജിങ് : ഇറാന്‍ – യുഎസ് സംഘര്‍ഷം ആഗോള ഇന്ധന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അവസരം മുതലാക്കി ചൈന. ക്ലീന്‍ എനര്‍ജി, പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ എന്നിവയുടെ ഉപയോഗവും വിപണനവും ത്വരിതപ്പെടുത്തിയാണ് ചൈന അവസരം അനുകൂലമാക്കുന്നത്. നിലവില്‍ ഇറാന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന. എന്നാല്‍ ഹോര്‍മൂസിലെ തടസങ്ങള്‍ മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈനയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

ബാറ്ററി, സോളാര്‍ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ കയറ്റുമതിയില്‍ ലോകത്ത് മുന്നിലുള്ള രാജ്യമാണ് ചൈന. ഇന്ധന പ്രതിസന്ധി ആഗോള തലത്തില്‍ ഉണ്ടാക്കുന്ന പുനരുപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത ചൈനയുടെ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ക്ലീന്‍ ടെക്‌നോളജി രംഗത്ത് ചൈനയുടെ മുന്‍തൂക്കം ആഗോളതലത്തില്‍ വര്‍ധിച്ച അവസരത്തില്‍ കൂടിയായിരുന്നു യുദ്ധം തുടങ്ങിയത്.

ഊര്‍ജ്ജ മേഖല വികസനത്തിലും ഭൗമരാഷ്ട്രീയത്തിലുമുള്ള ചൈനയുടെ സ്വാധീനത്തിന് ഇറാന്‍ സംഘര്‍ഷം കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ ആഭ്യന്തര ഊര്‍ജ്ജ ഉപഭോഗത്തില്‍ നിലവില്‍ ഫോസില്‍ ഇന്ധനങ്ങള്‍ തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം ക്രമാനുഗതമായി വര്‍ധിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന്റെ 70%-ത്തിലധികവും ബാറ്ററി സെല്‍ ഉല്‍പാദനത്തിന്റെ 85%-ത്തിലധികവും ചൈനയിലാണ് നടക്കുന്നത്.

പുനരുപയോഗ ഊര്‍ജ മേഖലയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചൈന വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഡിസംബറില്‍ ചൈനയുടെ സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ഇലക്ട്രിക് കാറുകള്‍ തുടങ്ങിയവയുടെ കയറ്റുമതി ഏകദേശം 22.3 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 47 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും യൂറോപ്പുമാണ് ഈ ഉത്പന്നങ്ങളുടെ വിപണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button